← ലേഖനങ്ങളിലേക്ക് മടങ്ങുക
ലേഖനം · വാക്കുകൾക്കിടയിൽ

വിവേകികളായ വൃക്ഷങ്ങൾ

ദിവസങ്ങൾക്ക് ശേഷം വീടിന്റെ പിന്നാമ്പുറത്തെ ബാൽക്കണിയിൽ ഞാൻ കാഴ്ചകൾ ആസ്വദിച്ചുനിന്നു. അരണ്ട വെളിച്ചത്തിലാണ്ടിരുന്ന ആകാശത്തിനുകീഴെ മേഘാവൃതമായ ഒരു സന്ധ്യയായിരുന്നു അത്. പ്രദേശമാകെ തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ഉയരെ മഴമേഘങ്ങൾ തെക്ക് ദിശയിലേക്ക് കുതിച്ചു.

ആകാശം ഇരുണ്ടുകൊണ്ടേയിരുന്നു. പക്ഷെ അതെന്റെ മനസ്സിനെ നിശബ്ദമാക്കാൻ മാത്രം ശാന്തമായ കാഴ്ചയായിരുന്നു.

എന്റെ പതിവ് സുഹൃത്തുക്കളായ വീടിനുചുറ്റുമുള്ള ഉയരം കൂടിയ മരങ്ങൾ കാറ്റിൽ ചില്ലകൾ ചലിപ്പിച്ച് എനിക്ക് സ്വാഗതമരുളി. അരണ്ട വെളിച്ചത്തിൽ ആ മരങ്ങൾക്കൊക്കെ ഒരു പ്രത്യേക സൗന്ദര്യമുള്ളത് പോലെ തോന്നി. അവയെ വീക്ഷിച്ച് നിൽക്കെ ബാല്യത്തിലുടനീളം എന്റെ സഹജീവികൾ ആയിരുന്ന മരങ്ങളിലേക്ക് എന്റെ ചിന്തകൾ തെന്നി നീങ്ങി. ആ പ്രദേശത്തിന്റെ ഭാഗമായിരുന്നു എന്നതിനപ്പുറം അവ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു. ഞാൻ അവയുമായി ഏതാണ്ടൊരു പൊക്കിൾക്കൊടി ബന്ധം സൂക്ഷിച്ചിരുന്നു.

പ്ലാവുകൾ മാവുകൾ പറങ്കിമാവുകൾ തെങ്ങുകൾ ഒപ്പം മറ്റു പല വൃക്ഷങ്ങൾക്കും ആവാസം ഒരുക്കിയിരുന്നതായിരുന്നു ഞങ്ങളുടെ പറമ്പ്. ഇവക്കുപുറമെ എനിക്കേറ്റവും പ്രിയതരമായിരുന്ന ഒന്നായിരുന്നു പുന്ന മരങ്ങൾ. അതിരാവിലെ, തലേ ദിവസം രാത്രി വവ്വാലുകൾ രുചിച്ച പുന്നക്കായകൾ ഞങ്ങൾ ശേഖരിച്ചിരുന്നു. അവ പ്രാദേശിക ചന്തയിൽ ഞങ്ങൾ വിൽക്കുമായിരുന്നു. കട്ടിപിടിച്ച പുൽ മെത്തകൾക്കിടയിൽ പുന്നക്കായകൾ അന്വേഷിച്ചിരുന്നതിന്റെ ആനന്ദം ഇന്നുമെനിക്ക് അനുഭവിക്കാനാകുന്നുണ്ട്. ഒപ്പം എനിക്ക് മുന്നേ ആരെങ്കിലും അവ ശേഖരിച്ച് പോകുമ്പോഴുണ്ടാകുന്ന നിരാശയും.

എന്റെ ആ ബാല്യകാല സുഹൃത്തുക്കൾക്ക് എന്നെ നന്നായി അറിയാമായിരുന്നു. ഭയം ലേശമില്ലാതെ ഞാൻ അവയിൽ കയറിയിരുന്നു. എന്നുമാത്രമല്ല അവയുടെ ഉയരത്തിലുള്ള മരച്ചില്ലകളിൽ ഏറെ സമയം ചിലവഴിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ പ്ലാവുകൾ എനിക്ക് പഴങ്ങൾ സമ്മാനിക്കുകയും, ഞാൻ അവ ആ ചില്ലകളിൽ ഇരുന്നുതന്നെ ആസ്വദിച്ചിട്ടുമുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ ആ മരങ്ങൾ എനിക്കുവേണ്ടി കരുതലെടുത്തിരുന്നു എന്നൊരു തോന്നൽ. അവരെന്നെ ഭദ്രമായി മുറുകെ പിടിക്കുകയും എനിക്കഭയം നൽകി എന്റെ ഉറ്റ ചങ്ങാതിമാരാകുകയും ചെയ്തു.

എന്റെ ഈ പുതിയ കൂട്ടുകാരുടെ വലയത്തിൽ നിൽക്കെ എന്റെ ചിന്ത മറ്റൊരു ദിശയിലേക്കു നീങ്ങി. വർഷങ്ങളായി, ചിലപ്പോൾ നൂറ്റാണ്ടുകളായി അവിരാമം സഞ്ചരിക്കുന്ന സമയത്തിനൊപ്പം അവർ ഒരുസ്ഥലത്ത് വേരുകളാഴ്ത്തി നിൽക്കുന്നു. ആ ചിന്ത എന്നിൽ രോമാഞ്ചം സൃഷ്ടിച്ചു. കുട്ടിയായിരുന്നപ്പോൾ ഞാൻ കയറി ഇറങ്ങിയിരുന്ന മരങ്ങൾ മറ്റൊരു കാലത്തിന്റെ സ്വത്തായിരുന്നു. ഒരുപക്ഷെ അവ എന്റെ മുതുമുത്തച്ഛൻമാരുടെ കാലം മുതൽക്കേ അവിടെ ഉണ്ടായിരുന്നതാവാം. അവ എത്രയോ തലമുറകൾ ജനിക്കുന്നതും, വളരുന്നതും, ഒടുവിൽ വിസ്മൃതമാകുന്നതും കണ്ടിരിക്കാം. അപ്പോഴൊക്കെയും ആ മരങ്ങൾ ആ ആകാശത്തിനു കീഴെ അവിരാമം നിലനിന്നു പോന്നു.

യഥാർത്ഥത്തിൽ മരങ്ങൾ തലമുറകൾക്കിടയിലെ പാലമാണ്. ഒരുപക്ഷെ നാം അവയെ കേൾക്കാൻ തയ്യാറായാൽ നമ്മുടെ ജീവിത കാലത്തിനപ്പുറമുള്ള കഥകൾ അവർക്കുപറയാനാകും. ആളുകളുടെ ചിരികളും, പരിതപിക്കലുകളും, ആഘോഷങ്ങളും, ജീവിതസമരങ്ങളും, അധ്വാനിച്ചു ക്ഷീണിതരാകുമ്പോൾ അവക്കുചുവട്ടിൽ വിശ്രമിച്ചിരുന്നതുമൊക്കെ മരങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാവാം. ഒരുപക്ഷെ അവരെ ഈ മണ്ണിൽ നട്ട് പരിപാലിച്ച കരങ്ങളെ അവർ ഓർക്കുകയും അവരുടെ വേർപാടിൽ നിശബ്ദം ദുഃഖിക്കുന്നുമുണ്ടാകാം.

ഞാനെന്റെ സ്വന്തം കയ്യാൽ വീടിന്റെ പിന്നാമ്പുറത്തു നട്ട വൃക്ഷ തൈകളെ നോക്കി നിൽക്കുമ്പോൾ ഈ ചിന്തകൾ മനസ്സിലേക്ക് എത്താറുണ്ട്. ഏതായാലും എന്റെ കുട്ടിക്കാലം രൂപപ്പെടുത്തിയ വൃക്ഷ മുത്തച്ഛൻമാരുടെ പ്രായത്തോളം ഞാനുണ്ടാകില്ല. ഒരുപക്ഷെ എന്റെ കുട്ടിക്കാലം പോലെ മറ്റാരെങ്കിലും ആ വൃക്ഷത്തണലിലിരുന്നേക്കാം.

നിങ്ങൾ യാത്ര ചെയ്യണം. യാത്രകളാണ് നമ്മുടെ ആന്തരിക ലോകത്തെ വിശാലമാക്കുന്നതും നമ്മെ ജ്ഞാനികളാക്കി മാറ്റുന്നതും. ഈ ലോകം പൊതുവിൽ ഇപ്രകാരമാണ് നമ്മെ ഉപദേശിക്കാറുള്ളത്. അതിൽ സത്യമില്ലെന്നല്ല. എന്നാൽ നൂറുകണക്കിന് വർഷങ്ങളായി ചലന സ്വാതന്ത്ര്യമില്ലായ്മ ഒരു പാരതന്ത്രമായി തോന്നാതെ നിലകൊള്ളുന്ന വൃക്ഷങ്ങളെ ഓർത്തെനിക്ക് അതിശയിക്കാതിരിക്കാൻ ആവുന്നില്ല.

അവ മനുഷ്യനേക്കാൾ വിവേകമതികളാണെന്നെനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.

ഇതുപറയുമ്പോൾ ലോകത്തെക്കുറിച്ച് അവ നമ്മെപ്പോലെ ചിന്തിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുമെന്ന് ഞാൻ അർഥമാക്കുന്നില്ല. അവയുടെ ഉള്ളിലിരുപ്പറിയാൻ എനിക്ക് മാർഗ്ഗങ്ങളുമില്ല. ഞാൻ വിവേകം എന്നുപറയുമ്പോൾ വൃക്ഷങ്ങൾക്ക് ഇഴുകിച്ചേരാനും, പ്രതികൂല സാഹചര്യങ്ങളിൽ നിലനിൽക്കാനും, ഒരുപ്രദേശത്തു ചേർന്നിരിക്കാനുമൊക്കെയുള്ള കഴിവുകളാണ്. പക്ഷെ കാലങ്ങളോളം ഒരേ സ്ഥലത്ത് നിലയുറപ്പിച്ച് നിൽക്കുന്ന വൃക്ഷങ്ങളെ കേവലം സസ്യങ്ങളായി മാത്രം കാണാൻ എന്തോ ഒന്ന് എന്നെ അനുവദിക്കുന്നില്ല.

ഒരു വൃക്ഷം ഒരിക്കലും സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നില്ല. പക്ഷെ അവ കാലങ്ങളിലൂടെ സഞ്ചരിക്കുന്നു. നാം പുതിയ ഭൂഭാഗങ്ങൾ കാണുമ്പോൾ, വൃക്ഷങ്ങൾ ഒരേ പ്രദേശം തന്നെ പുതുമയാർന്നതായി മാറുന്ന കാഴ്ച കാണുന്നു. അവരുടെ കാഴ്ചകൾ അതിശയകരമാണ്. ഋതുഭേദങ്ങളെയും കാലാവസ്ഥ വ്യതിയാനങ്ങളെയും ദേശാടന കിളികളെയും അവർ കാണുന്നു. ഗ്രാമങ്ങൾ നഗരങ്ങളായി പരിണമിക്കുന്നതും, കുട്ടികൾ മുത്തച്ഛൻമാർ ആകുന്ന കാഴ്ചകളും അവർ കാണുന്നു. വൃക്ഷങ്ങൾ ലോകത്തെ അന്വേഷിച്ച് പോകാറില്ല, പക്ഷെ ലോകം വൃക്ഷങ്ങളിലേക്കെത്തുന്നു.

ഒരുവേള, ജീവിതത്തെ അറിയാൻ രണ്ട് മാർഗ്ഗങ്ങളുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒന്ന് ചലനാത്മകതയിൽ ഊന്നിയതാണ്. നാം വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കുന്നതിലൂടെ, വ്യത്യസ്തരായ ആളുകളിലൂടെ, വ്യത്യസ്ത സംസ്കാരങ്ങളിലൂടെ നാം അറിവ് നേടുന്നു. മറ്റൊന്ന്, നിശ്ചിതമായൊരിടത്ത് ആഴ്ന്നിറങ്ങിക്കൊണ്ട് കാലങ്ങളിലൂടെ സഞ്ചരിച്ച് ജീവിതത്തെ അറിയാം. മരങ്ങൾ അതാണ് ചെയ്യുന്നത്.

ഇത്രയുമൊക്കെ പറയുമ്പോൾ കൗതുകകരമായ മറ്റൊരു ചോദ്യം ഉന്നയിക്കപ്പെട്ടേക്കാം. മരങ്ങൾക്ക് വിരസത ബാധിക്കില്ലേയെന്ന്! എനിക്ക് തോന്നിയിട്ടുള്ളത്; എനിക്കുള്ള ജീവിതം ഇതല്ല, അത് മറ്റെവിടെയോ ആണെന്ന് ചിന്തിക്കുന്നവർക്ക് നിരാശാബോധവും വിരസതയും കൂടപ്പിറപ്പാണ്. പക്ഷെ വൃക്ഷങ്ങൾക്ക് അത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രതീക്ഷകൾ ഉണ്ടെന്ന് തോന്നുന്നില്ല.

അവ പൂർണ്ണമായും വർത്തമാനകാലത്തിൽ ജീവിക്കുന്നു. പ്രകൃതിയുടെ മാറ്റങ്ങളെ പ്രതിരോധിക്കാതെ, അവയെ സ്വാഗതം ചെയ്യുന്നു, സ്വയം നവീകരിക്കുന്നു. അവ പശ്ചാത്താപമില്ലാതെ ഇലകൾ പൊഴിക്കും, ആഘോഷങ്ങൾ ഇല്ലാതെ പുതിയ തളിരുകളെ വരവേൽക്കും. അവ വളരാൻ വെമ്പൽ കൊള്ളാറില്ല. മറിച്ച് അവ ഉപരിതലത്തിലെത്തുന്നതിന് മുൻപ് ഭൂമിയുടെ അന്തരാളങ്ങളിലേക്ക് വേരുകൾ ആഴ്ത്തുന്നു. ഒരുപക്ഷെ അവരുടെ വിവേകം സഞ്ചരിക്കുന്ന വഴികളിൽ നിന്നല്ല, മറിച്ച് അവ ആഴ്ത്തുന്ന വേരുകളിൽ നിന്നാണ്.

ചിന്തകൾ മനസ്സിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കവേ, പെയ്യാൻ വിതുമ്പി നിന്ന മഴമേഘങ്ങളിൽ നിന്ന് ആദ്യത്തെ തുള്ളി നിലം പതിച്ചു. പൂർണ്ണ ശാന്തതയിൽ ആ മഴത്തുള്ളികളെ വരവേൽക്കുന്ന എന്റെ സുഹൃത്തുക്കളെ ഞാൻ നോക്കി നിന്നു. എത്രയായിരം തവണ ഞങ്ങൾ ഈ സമ്മാനങ്ങൾ സ്വീകരിച്ചിരിക്കുന്നു എന്ന മട്ടിലായിരുന്നു അവ.

പ്രകൃതിയുടെ ആ മനോഹര സൃഷ്ടികൾക്കുമുന്നിൽ ഞാൻ നിശബ്ദം വണങ്ങി.