← ലേഖനങ്ങളിലേക്ക് മടങ്ങുക
ലേഖനം · വാക്കുകൾക്കിടയിൽ

ഉൾനാടൻ സഞ്ചാരങ്ങൾ

ശാന്തവും നന്നേ തിരക്ക് കുറഞ്ഞതുമായ പാതകളാണ് ഞാൻ എന്റെ യാത്രകൾക്ക് എല്ലായിപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. അതെന്റെ പതിവ് ഓഫീസ് യാത്രകൾക്കായാലും അല്ലെങ്കിൽ വിദൂര ലക്ഷ്യസ്ഥാനങ്ങളിലേക്കായാലും. വേഗത്തിൽ എത്തിച്ചേരാമെന്നതോ, യാത്ര സുഖമോ ഈ തിരഞ്ഞെടുക്കലിന് പിന്നിലെ ഒരു ഘടകമേ അല്ല. അതിലേക്കെന്നെ നയിക്കുന്ന ഘടകം വാക്കുകൾക്കതീതമായ സമാധാനത്തിന്റെ ഒരനുഭൂതിയാണ്.

ഏകദേശം എട്ട് വർഷക്കാലം ഞാൻ ജോലി ചെയ്തത് തെക്കൻ കേരളത്തിലെ അതി പ്രശസ്ത സമുദ്രതീര വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിലാണ്. വളരെ വിരളമായേ തിരക്കുപിടിച്ച പ്രധാന പാതയിലൂടെ ഞാനവിടേക്ക് യാത്ര ചെയ്തിട്ടുള്ളു. പകരം ഞാൻ തിരഞ്ഞെടുത്തിരുന്നത് ആറ്റിങ്ങൽ, ആലംകോട്, തൊപ്പിച്ചന്ത വഴിക്കുള്ള ആ ഉൾനാടൻ ഗ്രാമ പാതയായിരുന്നു. ആ റോഡുകൾ സാമാന്യം നന്നായിത്തന്നെ പരിപാലിക്കപ്പെടുന്നുണ്ട്. ഒരല്പം ദൈർഘ്യം കൂടുതലായിരുന്നെങ്കിലും ഹൈവേയിലെ ശബ്ദ കോലാഹലത്തിൽ നിന്നും തിങ്ങലിൽ നിന്നുമുള്ള സ്വാഹതാർഹമായ ഒരു രക്ഷപ്പെടൽ ആ യാത്രകൾ പ്രദാനം ചെയ്തു.

രണ്ടായിരത്തി ഇരുപതിന് ശേഷം, എന്റെ ജോലിസ്ഥലം തിരുവനന്തപുരത്തേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഞാൻ താമസിക്കുന്ന കോരാണിയിലെ എന്റെ വീട്ടിൽ നിന്നും പ്രതാപകാലത്തു പ്രൗഢിയോടെ വിളഞ്ഞിരുന്ന കോരാണി പാടശേഖരം കടന്നന്ന് അഞ്ഞൂറ് മീറ്ററിന് താഴെ സഞ്ചരിച്ചാൽ ദേശീയപാത 66-ൽ എത്തിച്ചേരാം. പക്ഷെ അപൂർവമായേ ഞാനവഴി തിരഞ്ഞെടുക്കാറുള്ളു. പകരം ഞാൻ നേരെ കിഴക്കോട്ട് തിരിഞ്ഞ് ഇടക്കയോട് ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായ പിരപ്പമൺകാട് പാടശേഖരം കടന്ന് തിരുവനന്തപുരത്തിന്റെ ഉൾ പ്രദേശങ്ങളിലൊന്നായ പോത്തൻകോട് വഴി എന്റെ ജോലിസ്ഥലത്തേക്ക് പോകും. ചിരപരിചിതം ആകുമ്പോഴുണ്ടാകുന്ന വിരസതയകറ്റാൻ ചിലപ്പോഴെങ്കിലും ചില ചെറു നാട്ടുവഴികളും ഞാൻ തിരഞ്ഞെടുക്കാറുണ്ട്.

ചിലരെങ്കിലും അതിശയിച്ചേക്കാം; വേഗത്തിലെത്താവുന്ന ഹൈവേ ഉള്ളപ്പോൾ വളഞ്ഞു ചുറ്റിയുള്ള വഴികളെന്തിന് തിരഞ്ഞെടുക്കണം? അതിനുള്ള ലളിതമായ ഉത്തരം, ഞാനീ അനുഭവങ്ങളെ ആസ്വദിക്കുന്നു എന്നതാണ്.

അതിനർത്ഥം ഈ സന്തോഷങ്ങൾ ഈ യാത്രകളിലുടനീളം ഞാൻ അനുഭവിക്കുന്നു എന്നല്ല. മറിച്ച് യാത്രയുടെ ചില ഘട്ടങ്ങളിൽ മാത്രമാണ്. വിശാലമായ ആകാശ ചുവട്ടിൽ വിസ്തൃതമായ പാടശേഖരം ഉൾക്കൊള്ളുന്ന പിരപ്പമൺകാട് അപൂർവ്വമായ പ്രശാന്തത സമ്മാനിക്കുന്നൊരിടമാണ്. ഇരു കരകളും നദിയിലേക്കു ചായ്ഞ്ഞിറങ്ങുന്ന പാടശേഖരത്തിനെ കുറുകെ മുറിച്ചുകൊണ്ട് മനോഹരമായ റോഡ് കടന്നുപോകുന്നു. ഇരുവശവും പൂച്ചെടികളും ഇരിപ്പിടങ്ങളും വിൻഡേജ് ലൈറ്റുകളുമായി മനോഹരമായ പാത. ഏതാനും കിലോമീറ്ററുകൾ മുന്നിലേക്ക് സഞ്ചരിച്ചെത്തുമ്പോൾ വേങ്ങോടിനും പോത്തൻകോടിനും ഇടയിലെ ഭൂപ്രദേശം നമുക്ക് മുന്നിലനാവരണം ചെയ്യുന്നത് ചെറു കുന്നുകളും ഇരുവശവും മരങ്ങളതിരിടുന്ന പാതകളുമാണ്. അവിടെ പച്ചപ്പിന്റെ വിതാനത്തിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികൾ ചുറ്റുപാടുകളെ സുഖ ശീതളമാക്കുന്നു.

ഞാനിത് പറയുമ്പോൾ ഈ പ്രദേശങ്ങളൊക്കെ കിലോമീറ്ററുകളോളം വ്യാപ്തിയുള്ളതാണെന്ന് കരുതണ്ട. മുഴുവനായി സഞ്ചരിക്കുന്ന ഏകദേശം മുപ്പത് കിലോമീറ്ററുകളിൽ വളരെ ചെറിയൊരു ഭാഗം മാത്രമാണീ പ്രദേശങ്ങൾ. എന്നിരുന്നാലും എന്റെ യാത്രകളിലെ ഏറ്റവും സ്മരണീയമായ സ്ഥലങ്ങളാണിവ. ഓരോതവണ ഞാനീ ഭൂ പ്രദേശങ്ങൾ താണ്ടുമ്പോഴും, അനിർവചനീയമായ എന്തോ ഒന്ന് ഞാനനുഭവിക്കുന്നു. ആഴമുള്ളൊരു കുളത്തിലേക്ക് അപ്രതീക്ഷിതമായി വീണാലെന്നപോലെയൊരു അനുഭവം. കുളത്തിന്റെ ഉപരിതലത്തിലേക്കെത്താൻ നിലവെള്ളം ചവിട്ടാൻ ആരംഭിക്കുന്നതിന് മുൻപെന്നപോലെ മനസ്സ് സഞ്ചാരം നിർത്തി നിശ്ചലമാകും. ഈ നിമിഷങ്ങളിലൊക്കെ ചിന്തകൾ അതിന്റെ തിടുക്കമുപേക്ഷിക്കും.

ഈ ഒരു തോന്നലിനെ പലപ്പോഴും ഞാൻ കാണുന്നത് അമ്മയുടെ മടിത്തട്ടിൽ വിശ്രമിക്കുന്നൊരു കുഞ്ഞിനെപ്പോലെയാണ്. അസ്വസ്ഥതകൾ അകലുന്നു. എവിടേക്കും തിടുക്കപ്പെട്ട് പോകേണ്ടതില്ല; ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. ലളിതമായി പറഞ്ഞാൽ മനസ്സ് ആ നിമിഷത്തിലേക്കടിയുന്നു.

തിരക്കുപിടിച്ച പാതകളിൽ മനസ്സ് തികച്ചും വിഭിന്നമായി പെരുമാറും. ഗതാഗത ബാഹുല്യം, ശബ്ദങ്ങൾ, സിഗ്നലുകൾ ജനക്കൂട്ടം എല്ലാം തന്നെ നമ്മുടെ ശ്രദ്ധയെ കാർന്നെടുക്കും. പ്രകൃതി കേവലം പശ്ചാത്തലമാകലിയും. പകരം ആസ്ഥാനത്തേക്ക് നമ്മുടെ ഉത്തരവാദിത്വങ്ങൾ, സമയപരിമിധികൾ, വേവലാതികൾ പൂർത്തിയാകാത്ത ജോലികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ചിന്തകൾ തിടുക്കത്തിൽ കടന്നുവരുന്നതുകാണാം. അതായത് മനസ്സ് പ്രായോഗിക ലോകത്തേക്ക് ബന്ധിക്കപ്പെടും.

ശാന്തമായ വീഥികൾ നേർവിപരീതമായ അനുഭവമാണ് നൽകുക. അവയൊരിക്കലും ജീവിത പ്രാബല്യങ്ങളെ ഇല്ലാതാകുന്നില്ല. അവയ്‌ക്ക് പരിഹാരവും നിർദ്ദേശിക്കുന്നില്ല. പക്ഷെ, മനസ്സിന്, അതിന്റെ കലപിലകൾ നിർത്തി തെല്ലൊന്നു ശാന്തമാകാനൊരു ഇടവേള നൽകും. ഭൂപ്രകൃതികൾ നിശബ്ദ ചങ്ങാതിമാരാകും; ഒന്നുമാവശ്യപ്പെടാതെ, ഒന്നും ഉപദേശിക്കാതെ. എങ്ങനെ ആയാലും അതുനമ്മെ ഉന്മേഷവാന്മാരാക്കും എന്നതുറപ്പ്.

എന്നെ സംബന്ധിച്ച്, ഈ ഉൾനാടൻ യാത്രകൾ ശ്രമമേതുമില്ലാതെ ധ്യാന നിരതനാകാനുള്ള അവസരങ്ങളാണ്. ഞാൻ ബോധപൂർവ്വം മനസ്സിനെ വർത്തമാന കാലത്തിൽ ജാഗരൂകമാക്കുകയോ, ഒരു ആത്മീയ അനുഭവത്തിനായി ശ്രമിക്കുകയോ ചെയ്യാറില്ല. യാത്ര ചെയ്യുന്നു. അത്രതന്നെ. പക്ഷെ പിരപ്പമൺകാടിനും പോത്തൻകോടിനടുത്ത നിഴൽ വിരിച്ച വഴികൾക്കും ഇടയിലെവിടെയോ അമ്മയുടെ മടിത്തട്ടിൽ കുഞ്ഞ് അനുഭവിക്കുംപോലൊരു സ്വാഭാവിക ശാന്തത ഞാനും കണ്ടെത്താറുണ്ട്.

ആത്യന്തികമായി എല്ലാ നിശബ്ദ പാതകളും തിരക്കിലമർന്ന ഒന്നിൽ സംഗമിക്കും. ഗ്രാമീണ പാതയിൽ നിന്നും പ്രധാന പാതയിലേക്കെത്തുമ്പോൾ എന്റെ ചിന്തകൾ എന്റെ യാത്ര ഉദ്ദേശ്യത്തിലേക്കെത്തും. ജോലി, ചുമതലകൾ, പ്ലാനുകൾ ഒക്കെ സ്ഥാനം കയ്യടക്കും. അതങ്ങനെ തന്നെ ആകണം.

ഈ രണ്ടു വ്യത്യസ്ത അനുഭവങ്ങളും നമുക്കാവശ്യമാണ്. ശാന്തമായ പാതകളുടെ നിശബ്ദതയും, തിരക്കേറിയതിന്റെ തിടുക്കവും. ആദ്യത്തേതില്ലെങ്കിൽ ജീവിതം ക്ഷീണിച്ചവശമാകും. രണ്ടാമത്തേതിന്റെ അഭാവത്തിൽ ജീവിതം മുന്നോട്ട് ചലിക്കാതാകും. ഇവയുടെ തുലനാവസ്ഥ ജീവിതത്തെ അർഥപൂർണ്ണമാക്കും.