← ലേഖനങ്ങളിലേക്ക് മടങ്ങുക
ലേഖനം · വാക്കുകൾക്കിടയിൽ

ഏകാകിയായ കൊയ്ത്തുകാരി- ഒരു വൈകിയ സമാഗമം.

ഇന്നെനിക്കു തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവമുണ്ടായി.

ഏഴാം ക്ലാസ്സുകാരിയായ എന്റെ മകൾ അടുത്ത ആഴ്ചയിലെ ഒരു ഇംഗ്ലീഷ് പദ്യപാരായണത്തിനായി തയ്യാറെടുക്കുന്നുണ്ട്. അവളെന്നോട് ഒരു കവിത നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. പൊടുന്നനെ ഉള്ള ഒരു തോന്നലിൽ ഞാൻ വില്യം വേർഡ്‌സ്‌വേർതിന്റെ ഡാഫൊഡിൽസ് അല്ലെങ്കിൽ ദി സോളിറ്ററി റീപ്പർ തിരഞ്ഞെടുക്കാൻ പറഞ്ഞു. ഈ രണ്ടു കവിതകൾ മാത്രമേ മനസ്സിൽ വന്നിരുന്നുള്ളു എന്നതാണ് സത്യം.

എന്റെ സ്കൂൾ കാലഘട്ടങ്ങളിൽ ഞാൻ കവിതയോട് അതിയായ താല്പര്യം കാണിച്ചിരുന്നില്ല. കവിത മനസ്സിലാക്കലും കവിതാസ്വാദനവുമൊക്കെ എന്നെ സംബന്ധിച്ച് ബാലികേറാമലയായിരുന്നു. അതൊരിക്കലും എന്റെ കോപ്പയിലെ കാപ്പിയായി ഞാൻ കണ്ടിരുന്നില്ല. ഗണിതമെനിക്കെങ്ങനെ ആയിരുന്നോ അതായിരുന്നു ഭാഷയിൽ എനിക്ക് കവിത. പക്ഷെ വേർഡ്‌സ്‌വർത് എന്റെ ഓർമയിലെങ്ങോ തങ്ങിനിന്നു. ഹൈസ്കൂൾ ക്ലാസ്സുകളിലൊന്നിൽ പഠിച്ച ഡാഫൊഡിൽസ് അവ്യക്തമായി ഞാനോർക്കുന്നു. ഒരുപക്ഷെ ആ കവിതയ്ക്ക് പ്രകൃതിയുമായുള്ള ആത്മബന്ധം കൊണ്ടാകണം, അതെന്നോടൊപ്പം കൂടി.

പ്രകൃതിയെ ഞാൻ എന്നും എന്റെ ഹൃദയത്തോട് ചേർത്ത് നിർത്തിയിട്ടുണ്ട്. കാടുകളുടെ ഇരുണ്ട നിശ്ശബ്ദതയിലും, പർവ്വതങ്ങളുടെയും കുന്നുകളുടെയും അവ്യക്ത നിഴൽരൂപങ്ങളിലും, പച്ച പരവതാനി വിരിച്ച താഴ്വാരങ്ങളിലുമൊക്കെ ഞാൻ എന്നും ആകൃഷ്ടനായിട്ടുണ്ട്. ഞാൻ ഡാഫോഡിൽസിന്റെ ഒരു വരിപോലും ഓർക്കുന്നില്ലെങ്കിലും പ്രഭാതത്തിൽ വയൽപ്പൂവുകളുടെ തുഞ്ചത്തെ മഞ്ഞിൻ കണികകളിൽ സൂര്യരശ്മികൾ വിരിയിക്കുന്ന മനോഹര ദൃശ്യം എന്റെ ഓർമ്മകളിൽ കൂട്ടുകൂടിയിരുന്നു. ആ ദൃശ്യത്തിന്റെ മാറ്റൊലി പിന്നീട് ഞാൻ ശ്രദ്ധിച്ചത് കെ.ജയകുമാർ സർ 'പക്ഷേ' എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ഗാനത്തിലെ 'സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ' എന്ന വരികളിലായിരുന്നു. ഈ നുറുങ്ങുകൾക്കപ്പുറം ആ കവിതയെ കുറിച്ച് ഞാൻ ഒന്നും തന്നെ ഓർത്തിരുന്നില്ല. എന്നിരുന്നാലും, തികച്ചും സാധാരണ പശ്ചാത്തലങ്ങളെ കാലാതീതമായ സൗന്ദര്യ കല്പനകളായി പരിവർത്തനം ചെയ്യാൻ കഴിവുള്ള വേർഡ്‌സ്‌വർത് എന്ന കവിയെ ഞാൻ ഓർമ്മിച്ചു.

മറ്റ് ആലോചനകൾക്കുശേഷം മകൾ സോളിറ്ററി റീപ്പർ എന്ന കവിത തിരഞ്ഞെടുത്തു. ഞാനത് ഡൗൺലോഡ് ചെയ്തു നൽകി. അവൾ മനഃപാഠമാക്കാൻ അത് പകർത്തിയെഴുതി.

ഇതിനിടയിൽ, എന്റെ ഭാര്യ ഒരു ഇംഗ്ലീഷ് അദ്ധ്യാപകന്റെ ഉപദേശം തേടിയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശം സരളവും എന്നാൽ ഹൃദയസ്പർശിയുമായിരുന്നു. കവിത വെറുതെ ചൊല്ലാതെ മനസ്സിലാക്കി ചൊല്ലണം. അതിൽ ഉൾക്കൊണ്ടിരിക്കുന്ന വികാരങ്ങൾ അനുഭവിക്കണം. എന്നാൽ മാത്രമേ പദ്യപാരായണത്തിനു ജീവൻ ഉണ്ടാകുകയുള്ളു.

ഒടുവിൽ പറഞ്ഞത് ഒരു ഏഴാം ക്ലാസ്സുകാരിക്ക് എത്ര യോജിക്കുമെന്നറിയില്ല. ഏതായാലും വൈകുന്നേരം കവിത പഠിപ്പിച്ചുനൽകാൻ മകൾ ആവശ്യപ്പെട്ടു.

ആ പ്രവർത്തിക്ക് തികച്ചും അനുയോജ്യനായ ആളെ അല്ലായിരുന്നു ഞാൻ. അതിന് വേണ്ട പരിശീലനമോ കവിത അപഗ്രഥിക്കാനുള്ള ധൈര്യമോ ഇല്ലാത്തതിനാൽ ഞാൻ യൂട്യൂബിന്റെ സഹായം തേടി. ഒരു ചെറുപ്പക്കാരി പെൺകുട്ടി കവിത വിശദീകരിക്കുന്ന ഒരു വീഡിയോ ഞാൻ കണ്ടെത്തി. അവളുടെ അവതരണത്തിന്റെ അഴകും വ്യക്തതയും എന്നെ വിസ്മയിപ്പിച്ചു.

ഞാനത് ശ്രദ്ധിച്ചിരുന്നപ്പോൾ അപ്രതീക്ഷിതമായതെന്തോ ഒന്ന് സംഭവിച്ചു. ഞാൻ മകളെ കവിത പഠിപ്പിക്കുകയായിരുന്നില്ല, മറിച്ച് അവൾക്കൊപ്പം ഞാനും പഠിക്കുകയായിരുന്നു.

വില്യം വേർഡ്‌സ്‌വർത് എന്ന കവി നൂറ്റാണ്ടുകൾക്കിപ്പുറവും പ്രസക്തനായി തുടരുന്നതെന്തെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ഉദാസീനമായി സമീപിക്കുന്നൊരാൾക്ക് ദി സോളിറ്ററി റീപ്പർ എന്നത് വിദൂരമായൊരു സ്‌കോട്ട്ലാൻഡ് താഴ്‌വരയിൽ പാടിക്കൊണ്ട് കതിര് കൊയ്യുന്ന ഒരു സ്ത്രീയുടെ ചിത്രം മാത്രമായിരിക്കും. എന്നാൽ ആ ലളിതമായ നിമിഷത്തെ കാലാതീതമായ എന്തോ ഒന്നായി കവി രൂപാന്തരപ്പെടുത്തുന്നു.

ഞാനൊക്കെ കവിതയിലെ വാക്കുകളുടെ അർഥം പഠിച്ച് കവിത മനഃപാഠമാക്കിയിരുന്നവരുടെ കൂട്ടത്തിലായിരുന്നു. കവിത അനുഭവമാക്കേണ്ടത് എങ്ങനെ എന്ന് പഠിച്ചിരുന്നില്ല. നഷ്ട സൗന്ദര്യങ്ങളുടെ അളവ് ഇന്ന് തിരിച്ചറിയുന്നു.

ആ കവിതയിലൂടെ ഒരു സൂക്ഷ്മ സഞ്ചാരം നടത്തിയ ഞാൻ, എന്നെ ആ വിദൂരമായ സ്‌കോട്ട്ലാൻഡിലെ ഗ്രാമത്തിൽ കണ്ടു. മലനാട്ടിലെ യുവതിയുടെ ശോകഛായ കലർന്ന ശബ്ദം ആ സമതലത്തിൽ മാറ്റൊലി കൊള്ളുന്നത് ഞാൻ കേട്ടു. കവി തന്റെ ഉപമകളിലൂടെ ആ ശോകാർദ്രമായ ശബ്ദത്തെ സ്വർഗീയ തലത്തിലേക്കുയർത്തുന്നത് കാണാം. അദ്ദേഹം അവളുടെ പാട്ടിനെ തുലനം ചെയ്യുന്നത് അറേബ്യൻ മരുഭൂമികളിൽ ക്ഷീണിച്ചവശരായ സഞ്ചാരികൾക്ക് സാന്ത്വനമേകുന്ന വാനമ്പാടിയുടെ പാട്ടിനോടും വിദൂര ദ്വീപുകളുടെ നിശബ്ദതയെ ഭഞ്ജിക്കുന്ന കുക്കൂ പക്ഷികളുടെ ത്രസിപ്പിക്കുന്ന കൂജനത്തോടുമാണ്. ഒരുവേള അവളുടെ പാട്ട് അവയെ കടന്നു നിൽക്കുന്നതാണ്.

എന്നെ വിസ്മയിപ്പിച്ച കാര്യം അവളുടെ പാട്ടിന്റെ ഭാഷ കവിക്ക് മനസ്സിലായിരുന്നില്ല എന്നതാണ്. വാക്കുകൾ മനസ്സിലാകുന്നില്ലെങ്കിലും അവയിലെ വികാരം അദ്ദേഹം ഗ്രഹിക്കുന്നു. ഒരു പക്ഷെ അവൾ പാടുന്നത് അവളുടെ ഭൂതകാല ദുഃഖങ്ങളെ കുറിച്ചാകാം. അല്ലെങ്കിലവളുടെ വർത്തമാനകാല പോരാട്ടങ്ങളെക്കുറിച്ചാകാം. അതുമല്ലെങ്കിൽ കാലാതീതമായ മനുഷ്യ ദുഃഖങ്ങളെ കുറിച്ചാകാം. അർഥം അജ്ഞാതമെങ്കിലും അവയിലെ വികാരങ്ങൾ അദ്ദേഹത്തിന് അനുഭവിക്കാൻ സാധിച്ചു.

കലയുടെ ശക്തി. വികാരങ്ങൾ ഭാഷാതീതം. ദുഃഖങ്ങൾ, തീവ്രാഭിലാഷങ്ങൾ, സന്തോഷങ്ങൾ സൗന്ദര്യം ഒക്കെയും ഹൃദയങ്ങളോട് നേരിട്ട് ആശയവിനിമയം നടത്തും.

എന്റെ പ്രതികരണം എന്നെത്തന്നെ അതിശയിപ്പിച്ചു. ഇതുവരെയുള്ള എന്റെ ജീവിതത്തിൽ കവിത എനിക്കിണങ്ങുന്ന വിഷയമേ അല്ലെന്നു ഞാൻ കരുതി. എന്നാൽ കേവലമൊരു പദ്യപാരായണ മത്സരം ഒരു കവിത എന്നെ ആഴത്തിൽ സ്പർശിക്കാൻ കാരണമായി. വില്യം വേർഡ്‌സ്‌വർത് എന്ന കവി വാർത്തെടുത്ത ഏകാകിയായ കൊയ്ത്തുകാരി എന്ന കാവ്യശില്പം എന്റെ ഓർമ്മകളുടെ തന്നെ ഭാഗമായി.

ആ താഴ്വര, കൊയ്ത്തുപാടം, എല്ലാറ്റിനുമുപരി അവിടെ അലയടിക്കുന്ന ആ ഏകാകിയായ കൊയ്ത്തുകാരിയുടെ ശോകാർദ്ര ഗീതം എന്നിവയെല്ലാം ദീർഘകാലം എന്നോടൊപ്പമുണ്ടാകുമെന്ന് ഉറപ്പ്.

ഈ അപ്രതീക്ഷിത സമ്മാനത്തിന് ഞാനെന്റെ മകളോട് നന്ദി പറയുന്നു.