റോഡരികിലെ ആ വീട്
ഇന്നുരാവിലെ എനിക്ക് നെടുമങ്ങാടുവരെ സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഹിൽ സ്റ്റേഷൻ ആയ പൊന്മുടിയിലേക്ക് യാത്ര ചെയ്യേണ്ടത് നെടുമങ്ങാട് വഴിയാണ്.
എന്റെ താമസ സ്ഥലത്തുനിന്ന് നെടുമങ്ങാട് എത്തിച്ചേരാൻ വഴികൾ പലതുണ്ട്. ദൂരം നന്നേ കുറവ് പോത്തൻകോട്-വട്ടപ്പാറ വഴി നെടുമങ്ങാട് എത്തുന്നതാണ്. പക്ഷെ ഞാൻ മിക്കപ്പോഴും വെഞ്ഞാറമൂട് പുത്തൻപാലം വഴി നെടുമങ്ങാട്ടേക്ക് പോകുകകയാണ് പതിവ്. അതുവഴിയുള്ള യാത്ര ചെറിയൊരു കാനന പാതയിലെ പോലെ സുഖകരമാണ്. പക്ഷെ ഞാനിന്ന് തേമ്പാമൂട് നിന്ന് മൂന്നാനക്കുഴിയിലൂടെ യാത്രചെയ്തു.
അടുത്ത കാലത്തായി നവീകരിച്ച ആ പാത കയറ്റിറക്കങ്ങൾ നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയിലൂടെ ചുറ്റിവളഞ്ഞു കടന്നുപോകുന്ന ഒന്നാണ്. പാതയുടെ കിഴക്കുവശത്തായി പശ്ചിമഘട്ട മലനിരകളുടെ വിദൂരമായ രേഖാചിത്രം ഇടയ്ക്കിടെ പ്രഭാതത്തിലെ നേർത്ത മഞ്ഞിലൂടെ പ്രത്യക്ഷമായിക്കൊണ്ടിരുന്നു. റോഡിന്റെ പടിഞ്ഞാറ് വശം ചെങ്കുത്തായി ഇടതൂർന്ന വൃക്ഷത്തലപ്പുകൾക്ക് താഴെ മറഞ്ഞുകിടക്കുന്ന താഴ്‌വാരത്തേക്ക് പതിക്കുന്ന രീതിയിലാണ്. തലേ ദിവസത്തെ മഴ ബാക്കിവച്ച തണുപ്പിന്റെ നേർത്ത ആവരണം അന്തരീക്ഷത്തിൽ തങ്ങിനിന്നു.
പ്രഭാതത്തിലെ ആ സുഖകരമായ അന്തരീക്ഷം ആസ്വദിച്ച് ഞാൻ സാവധാനം യാത്ര തുടർന്നു. ഗാനഗന്ധർവ്വൻ ആലപിച്ച ആ ദിവ്യനാമം അയ്യപ്പാ എന്നുതുടങ്ങുന്ന പഴയകാല അയ്യപ്പ ഭക്തിഗാനം ഗൃഹാതുരത്വമുണർത്തി അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ടായിരുന്നു.
ഒരുഘട്ടത്തിൽ പശ്ചിമഘട്ട മലനിരകളുടെ വിദൂര ചിത്രം ആസ്വദിക്കാനായി യാത്രക്ക് ഞാനൊരു ഹ്രസ്വ വിരാമമിട്ടു. യാത്ര തുടരവേ, ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായ ഒന്ന് എന്റെ ശ്രദ്ധയാകർഷിച്ചു.
റോഡിനിടത് വശത്തായി സ്ഥിതി ചെയ്തിരുന്ന പഴയൊരു വീടായിരുന്നു അത്.
ഏതളവുകോലിലും അത് തികച്ചുമൊരു സാധാരണ ഭവനമായിരുന്നു. തേച്ചിട്ട് തന്നെ ഇല്ലെന്നുപറയാവുന്ന ലളിതമായ ഓലമേഞ്ഞ ആ വീട്, ഋതുക്കളുടെ താഡനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ആ ഭവനത്തിന്റെ മുറ്റം വൃത്തിയായി തൂത്തൊരുക്കിയതും മുറ്റത്തിന്റെ അതിരുകൾ പൂത്തുനിൽക്കുന്ന ചെടികൾ തിങ്ങി നിറഞ്ഞതുമായിരുന്നു. ജമന്തിയും സൂര്യകാന്തിയും മറ്റും ആ വീടിനുമുന്നിൽ ഗർവോടെ പൂത്തുതിളങ്ങി നിന്നു. ചുറ്റുവട്ടത്തുള്ള വീടുകൾ മിക്കതും കോൺക്രീറ്റ് നിർമിതികളായപ്പോൾ ചുറ്റുമുള്ള വൃക്ഷഛായയുടെ സംരക്ഷണത്തിൽ ആ വീട് നിലകൊള്ളുന്നു.
ഒരു ആന്തരിക പ്രേരണയിലെന്നവണ്ണം ആ വീട് ഒന്ന് നന്നായി കാണാൻ ഞാൻ വണ്ടി നിർത്തി.
ആ വീട് അത്ര ആഴത്തിലെന്നെ സ്പർശിക്കാൻ കാരണമെന്താണ്?
കാരണം, ഒരർഥത്തിൽ അതെന്റെ തന്നെ വീടായിരുന്നു. തീർച്ചയായും അക്ഷരാർത്ഥത്തിലല്ല.
പക്ഷെ നിമിഷാർദ്ധത്തിൽ അതെന്നെ ഞാൻ എന്റെ ബാല്യകാലം കഴിച്ചുകൂട്ടിയ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീടുകളുടെ സാദൃശ്യം അതിശയകരമായിരുന്നു. ഞങ്ങളുടെ വീടും രണ്ട് മുറികളും ഒരടുക്കളയും ചേർന്നതായിരുന്നു. എടുത്തുപറയത്തക്ക ഒരു വ്യത്യാസം മുൻവശത്ത് ഒരു വരാന്ത ഉണ്ടായിരുന്നതാണ്. ഈ വീടിന്റെ പിൻവശം ഒരു താഴ്‌വാരത്തേക്ക് ചരിഞ്ഞിറങ്ങുന്നു. ഒരു പക്ഷെ അവിടെ ഒരു നദി ഉണ്ടാകാം. ഞങ്ങളുടെ വീടിനു മുന്നിലായി ഒരു ചെറുനദി ഒഴുകിയിരുന്നു. മഴക്കാലങ്ങളിൽ അത് പുഷ്ടിപ്പെടുമായിരുന്നു. അതെന്റെ ബാല്യകാലത്തെ അഭിഭാജ്യ ഘടകമായിരുന്നു.
പക്ഷെ സങ്കടകരമായ വസ്തുത, ആ നദി ഇന്ന് പഴയതിന്റെ നിഴൽ മാത്രമാണ്. കാർഷികാവശ്യങ്ങൾക്കായി നിർമ്മിച്ച തടയണകൾ പലപ്പോഴും അതിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു. മണൽ നിറഞ്ഞ മനോഹരമായ അടിത്തട്ട് ഇന്ന് ചളി നിറഞ്ഞിരിക്കുന്നു. ഞങ്ങൾ തിമിർത്തുല്ലസിച്ചിരുന്ന ഇടങ്ങളൊക്കെ ഇന്ന് പ്ലാസ്റ്റിക് മാലിന്യം കയ്യേറിയിരിക്കുന്നു. പക്ഷെ എന്റെ ഓർമ്മയിൽ ആ നദി മങ്ങാതെ നിൽക്കുന്നു. വ്യാകുലതകളില്ലാതെ ഞങ്ങൾ തിമിർത്തുല്ലസിക്കുമ്പോൾ, ഉള്ളം കാൽ ചവിട്ടിയിരുന്ന നനുത്ത മണൽത്തരികളെ ഇന്നും ഓർമ്മയിൽ എനിക്ക് അനുഭവിക്കാൻ ആകുന്നുണ്ട്.
റോഡരികിലെ ആ വീട്ടിലെപ്പോലെ ഞങ്ങളുടെ മുറ്റവും പൂച്ചെടികൾ കൊണ്ട് നിറഞ്ഞിരുന്നു. മാങ്ങാ നാറിയുടെയും, സൂര്യകാന്തിയുടേയും, ജമന്തിയുടേയും മറ്റും ഗന്ധം ഇന്നും ഓർമകളിൽ പുതുമയോടെ വീശുന്നു. ആ ചെടികൾ ആയുസ്സു കുറഞ്ഞതെങ്കിലും, അസാധാരണ കരുത്തോടെ പുഷ്പിച്ച്, ഓറഞ്ച്, മഞ്ഞ വർണ്ണങ്ങൾ കൊണ്ട് മുറ്റം അലങ്കരിക്കുമായിരുന്നു.
ഞങ്ങളുടെ അടുക്കള ലളിതവും അടവില്ലാത്തതുമായിരുന്ന. അരച്ചുവരുകൾക്ക് അടവുനൽകാൻ കഴിഞ്ഞില്ല. അടുക്കളയുടെ മേൽക്കൂര വളരെ താഴ്ന്നിരുന്നതിനാൽ തലകുനിച്ചുമാത്രമേ ഉള്ളിൽ പ്രവേശിക്കാൻ ആകുമായിരുന്നുള്ളു. അമ്മിക്കല്ല്, ആട്ടുകല്ല് അത്യാവശ്യം വേണ്ട പത്രങ്ങൾ, ഇവയൊക്കെ തന്നെയായിരുന്നു അടുക്കളയുടെ സമ്പാദ്യം. കരിചേർത്ത ചാണകം മെഴുകിയ നിലത്തായിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത്. ആ നിലത്തു ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കുവച്ചിരുന്നതിന്റെ സുഖമൊന്ന് വേറെ തന്നെ ആയിരുന്നു.
അക്കാലത്ത് വരുമാനത്തിനായി ഞങ്ങൾ ആടുകളെ വളർത്തിയിരുന്നു. കന്നുകാലികൾ എന്നതിനപ്പുറം അവർ ഞങ്ങൾക്ക് പ്രിയപ്പെട്ടവരായിരുന്നു. ഞങ്ങളവർക്ക് പേരുകൾ നൽകി വിളിച്ചിരുന്നു. രസകരമായ കാര്യം അവർ അതിന് പ്രതികരണം നൽകിയിരുന്നു എന്നതാണ്. കാലവർഷം അധികരിക്കുമ്പോൾ അവയെ പാർപ്പിച്ചിരുന്ന ഷെഡ്ഡിന്റെ ഓലമേഞ്ഞ മേൽക്കൂര ചോർന്നൊലിക്കുമായിരുന്നു. അവർ നനഞ്ഞ് വിറക്കുന്നതു ഞങ്ങളെ സംബന്ധിച്ച് വേദനാജനകമായിരുന്നു. എനിക്കതോർത്ത് ഉറക്കം വരാറില്ലായിരുന്നു. കാരണം അവർ ഞങ്ങളുടെ കുടുംബാംഗങ്ങൾ തന്നെ ആയിരുന്നു. അവർക്കാവശ്യമുള്ള തീറ്റ നദീതീരം നൽകിയിരുന്നു. എത്രയോ സായാഹ്നങ്ങളിൽ അവർക്കുവേണ്ട പുല്ലും പടർപ്പുകളും ഞാൻ അറുത്തെടുത്തിരുന്നു. കാലം സൃഷ്ടിച്ച അകലത്തിൽ നിന്ന് നോക്കുമ്പോൾ ആ ദിനചര്യകളൊക്കെ ഇന്ന് അമൂല്യങ്ങളാണ്.
ഞാനെന്റെ യാത്ര തുടർന്നുകൊണ്ടിരുന്നപ്പോൾ പിന്നണിയിൽ ശ്രവിച്ച ആ ഭക്തിഗാനം ഓർമ്മകളുടെ മറ്റൊരു ഏടുണർത്തി.
ആ ഗാനങ്ങൾ എന്റെ ബാല്യ കൗമാരങ്ങളിലൊക്കെ ഉറ്റ ചങ്ങാതിമാരായിരുന്നു. കടുത്ത അന്തർമുഖത്വത്തിൽ ആണ്ടുപോയ ഞാൻ എന്റെ ചുറ്റുമുള്ള സാമൂഹ്യ ജീവിതത്തിൽ ഒറ്റപ്പെടൽ നന്നായി അനുഭവിച്ചകാലം. ആ ദിവ്യനാമം അയ്യപ്പ, വിഷ്ണുമായയിൽ പിറന്ന, ഗംഗയാറു പിറക്കുന്നു പോലുള്ള ഗാനങ്ങളുടെ ശോകാകുലമായ നാദവിന്യാസം അന്നെനിക്ക് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ഒരു ആശ്വാസം നൽകിയിരുന്നു.
ആ ഗാനങ്ങളിൽ ഒട്ടുമിക്കതും ഒഴുകി എത്തിയിരുന്നത് സമീപത്തെ ഇലഞ്ഞിമൂട് ക്ഷേത്രത്തിൽ നിന്നായിരുന്നു. ഞാനെന്റെ മിക്കവാറും സായാഹ്നങ്ങൾ അവിടെ ചിലവഴിച്ചു. മാമൂൽ പ്രകാരമുള്ള ഭക്തികൊണ്ടോ ദൈവത്തിന്റെ പ്രീതി സമ്പാദിക്കാനോ അല്ല ഞാനവിടെ സമയം ചിലവഴിച്ചത്. മറിച്ച് അങ്ങേയറ്റത്തെ പരാവശ്യത്തോടെ ആഗ്രഹിച്ചിരുന്ന ഒന്നെനിക്ക് അവിടെ ലഭിച്ചു: സമാധാനം.
ചന്ദന തിരികളുടെ സുഗന്ധവും, മണിയൊച്ചയും, ക്രമാനുഗതം മായുന്ന അസ്തമയ സൂര്യപ്രഭയും ആ ഭക്തി ഗാനങ്ങളുമൊക്കെ ചേർന്ന് സമാധാനത്തിന്റെ ഒരു അഭൗമ ലോകം സൃഷ്ടിച്ചിരുന്നു. അസ്വസ്ഥതയുടെ കനലിൽ പൊള്ളി നീറിയ മനസ്സിലേക്ക് സമാധാനത്തിന്റെ കുളിർകാറ്റ് അവിടമെനിക്ക് നൽകി. ആ കടപ്പാടുകൾ ഞാൻ മറക്കുമോ.
റോഡരികത്തായി നിലകൊണ്ട ആ ചെറുവീട് എന്നിൽ ഓർമകളുടെ ഒരു പ്രവാഹം സൃഷ്ടിച്ചു. നെടുമങ്ങാടുനിന്ന് ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചുഞാൻ വെള്ളനാടെത്തിയിരുന്നു. അപ്പോൾ ആ വീട് എന്നിൽനിന്നും ഏറെ അകലെ ആയിരുന്നു. പക്ഷെ അതുണർത്തിയ ചിത്രം എന്നിലവശേഷിച്ചു. അതിനു നിറം ചാർത്തി നദിയും, പൂക്കളും ആടുകളും അമ്പലത്തിലെ പാട്ടുകളും എന്നോടൊപ്പം സഞ്ചരിച്ചെത്തി.
ജീവിതമെന്ന സാധ്യത ആ ഒരു ദശയിൽ നിന്നെന്നെ ഒരുപാട് മുന്നിലേക്ക് തള്ളി വിട്ടു. ഇന്നത്തെ പല ജീവിത സുഖങ്ങളും ആ ജീവിത വ്യഥകളെ ഇല്ലായ്മ ചെയ്തിരിക്കുന്നു. പക്ഷെ ആ കാലഘട്ടം, എനിക്കുതന്ന, ജീവിതത്തോടുതന്നെ ഞാൻ കടപ്പെട്ടവനായിരിക്കും. നന്ദി ഭവനമേ നന്ദി... ജീവിതമേ നീയൊരു അത്ഭുതമാണ്..ഞാൻ ശിരസ്സ് നമിക്കുന്നു.
ചില ഭവനങ്ങൾ ഏതാനും വർഷക്കാലത്തേക്ക് നമുക്കഭയം നൽകും. മറ്റുചിലത് നാം താമസം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിട്ടാലും നമ്മുടെ ഓർമ്മകൾക്കഭയം നൽകി നിലകൊള്ളും.