← ലേഖനങ്ങളിലേക്ക് മടങ്ങുക
ലേഖനം · വാക്കുകൾക്കിടയിൽ

പ്രായം സമ്മാനിച്ച വരദാനം

എന്റെ വീടിന്റെ പിന്നിലെ ബാൽക്കണിയിൽനിന്നുള്ള നിത്യ കാഴ്ചകളിലൊന്ന് നാഷണൽ ഹൈവേക്കപ്പുറമുള്ള യമഹയുടെ ഒരു ഷോറൂമാണ്. സായാഹ്നം ഇരുളിന്റെ മറപറ്റിത്തുടങ്ങുമ്പോൾ ആ കെട്ടിടം നീല പ്രകാശത്തിൽ ജീവൻ വക്കും. ആ കെട്ടിടത്തിന്റെ മുഖപ്പിൽ നീല വർണം വിതറുന്ന എൽ ഇ ഡി പാനലുകൾ ചതുരാകൃതിയിൽ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. നീല വെളിച്ചത്തിന്റെ സൗമ്യത ചുറ്റുപാടുമുള്ളവയിൽ നിന്നും ആ കെട്ടിടത്തെ വേർതിരിച്ച് നിർത്തിയിട്ടുണ്ട്. ഷാനൂർ ഹോംസ് എന്ന ബ്രാന്റിന്റെ പരസ്യ ബോർഡുൾപ്പടെ പ്രകാശ പൂരിതമായ ചില നിർമ്മിതികൾ അല്പദൂരത്തായുണ്ട്. എന്നിരുന്നാലും എല്ലായിപ്പോഴും എന്റെ ശ്രദ്ധയാകർഷിക്കുന്നത്‌ ആ ഷോറൂമിന്റെ നീല വെളിച്ചം തന്നെയാണ്.

ഒരു പക്ഷെ നീല വെളിച്ചത്തിന് പ്രശാന്തിയുടേതായ ഒരു ഗുണം ഉള്ളതുകൊണ്ടാകാം. ഇരുളിന്റെ പശ്ചാത്തലത്തിൽ ആ കെട്ടിടം വെളിച്ചത്തിന്റെ ഒരു തുരുത്തായി മാറും. ചില സായാഹ്നങ്ങളിലെങ്കിലും ഹൈ വേയിൽ ഇടതൂർന്നു നീങ്ങുന്ന വാഹന നിര വീക്ഷിച്ചുകൊണ്ട് ഞാൻ എന്റെ ചിന്തകളെ അലയാൻ വിടാറുണ്ട്.

അത്തരമൊരു സായാഹ്നത്തിൽ ആ നീല ദീപ്തി വീക്ഷിച്ചുനിൽക്കേ കുറച്ചധികം സംവത്സരങ്ങൾക്കപ്പുറമുള്ള തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലേക്കു മനസ് സഞ്ചരിച്ചു.

എന്റെ സ്കൂൾ പഠന കാലത്തൊക്കെ കുടുംബത്തിന്റെ വരുമാനത്തിനായി ഞങ്ങൾ ആടുകളെ വളർത്തിയിരുന്നു. ഏതാണ്ടെല്ലാ വൈകുന്നേരങ്ങളിലും ഒരു അരിവാളുമായി വീടിനുമുന്നിലുള്ള പുഴയോരത്തേക്കോ അതിനപ്പുറമുള്ള വയൽക്കരയിലേക്കോ ഞാൻ നടന്നിരുന്നു. ആടിന് വേണ്ട തീറ്റ ഒരുക്കുക എന്നതായിരുന്നു ജോലി. നാടൻ ഭാഷയിൽ കുഴയറുക്കുക. ചില അവസരങ്ങളിൽ പെട്ടന്ന് തീറ്റ കണ്ടെത്താൻ കഴിയുമ്പോഴോ അല്ലെങ്കിൽ അപൂർവ കുറ്റിച്ചെടികൾ കിട്ടുമ്പോഴോ ഉള്ള സന്തോഷങ്ങൾ ഒഴിച്ചാൽ എന്നെ സംബന്ധിച്ച് അത് ദിനചര്യയുടെ ഭാഗമായ ഒരു ജോലി മാത്രമായിരുന്നു. ഒരിക്കലും ആ ദിവസത്തെ പ്രവർത്തിയെക്കുറിച്ച് രണ്ടാമതൊന്ന് ഞാൻ ആലോചിച്ചിരുന്നില്ല.

ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ ആ സായാഹ്നങ്ങൾ തികച്ചും വിരസമായിരുന്നു. അരിവാൾ വീശി പുഴയോരത്തെയും വയൽക്കരയിലേയും അടിക്കാടുകൾ പരതി നടന്നിരുന്നപ്പോൾ ഈ ജീവിതത്തിന് എന്തർഥമാണ് ഉണ്ടാവുക എന്ന് ഞാൻ ചിന്തിച്ചിരുന്നു. പലപ്പോഴും സാഹചര്യങ്ങളിൽ കുരുങ്ങി, ഞാൻ എന്റെ ജീവിതത്തിന്റെ പരിമിതികളെ മാത്രമേ കണ്ടുള്ളു. ഭാവി അകലെയും അപ്രതീക്ഷിതവുമായിരുന്നു. അതുകൊണ്ടുതന്നെ തികച്ചും സാധാരണങ്ങളായിരുന്ന ആ വൈകുന്നേരങ്ങൾ എനിക്കെന്തെങ്കിലും ആയിരുന്നു എന്ന് ഞാൻ ഒരിക്കലും ചിന്തിക്കാൻ മുതിർന്നില്ല. പക്ഷെ ഓർമ്മകൾക്ക് ചിന്താഗതികളെ മാറ്റിമറിക്കാനുള്ള നിഗൂഢ പദ്ധതികൾ ഉണ്ടെന്നതാണ് സത്യം.

ഇന്നാദിനങ്ങളിലേക്ക് ഞാൻ മടങ്ങി ചെല്ലുമ്പോൾ വിരസത ഓർമകളിൽ എങ്ങും കാണാനില്ല. പകരം വയലിനരികിലൂടെ ആ പുഴ നിശബ്ദം ഒഴുകിയിരുന്നതാണ് ഞാനോർക്കുന്നു (മെലിഞ്ഞെങ്കിലും ഇന്നുമൊഴുകുന്നു). മങ്ങിയ പ്രകാശ വിന്യാസത്തിൽ സായന്തനങ്ങൾ തീർത്ത മനോഹാരിതയും, പുതുമണ്ണിന്റെ ഗന്ധവും, സായാഹ്ന മന്ദമാരുതനിൽ പുൽനാമ്പുകൾ ആടിയുലയുന്ന മർമരവുമൊക്കെ ഓർമകളെ സുഗന്ധപൂരിതമാക്കുന്നു. എല്ലാറ്റിലുമുപരി നിസ്സാരമെങ്കിലും അത്യന്താപേക്ഷിതമായ ഒരു കർത്തവ്യം നിർവഹിച്ചു വീടണഞ്ഞിരുന്നതിന്റെ നിറഞ്ഞ സന്തോഷവും. ഒരിക്കൽ വിരസതയുടെ കൊടുമുടികൾ ആയിരുന്ന പ്രവർത്തികൾ വർഷങ്ങൾക്കിപ്പുറത്തുനിന്ന് വീക്ഷിക്കുമ്പോൾ ജീവിത പന്ഥാവിലെ സവിശേഷ ഭാഗ്യങ്ങൾ ആയിരുന്നു എന്ന തിരിച്ചറിവ് നൽകുന്ന സന്തോഷം ചെറുതല്ല. ഞാനറിയാതെ എന്നിലേക്ക് ക്ഷമയും, സഹനശീലവും കർത്തവ്യബോധവുമൊക്കെ സന്നിവേശിപ്പിച്ച പ്രൗഢ അനുഭവങ്ങൾ ആയിരുന്നു അവയെന്നു ഞാനറിയുന്നു.

പ്രായം നമുക്ക് കാത്തുവയ്ക്കുന്ന പാരിതോഷികമാണിത്. ഭൂതകാലത്തെ ദയാവായ്‌പോടെ നാം പുനഃസന്ദർശിക്കും. ജീവിത നൈരാശ്യങ്ങളെ കാലം മയപ്പെടുത്തും. അത്, ഒരിക്കൽ നിസ്സാരമെന്ന് മുദ്രകുത്തി തള്ളിയ അനുഭവങ്ങളിലെ അസാധാരണ മൂല്യങ്ങളിലേക്ക് വെളിച്ചം വീശിത്തരും. എന്റെ ജീവിതം പരുവപ്പെടുത്തുന്നതിൽ ഘനപ്പെട്ട അനുഭവങ്ങൾ എന്നപോലെ തന്നെ, നിശബ്ദം തങ്ങളുടെ മുദ്ര ചാർത്തി മറഞ്ഞ എണ്ണമറ്റ ചെറു അനുഭവ നിമിഷങ്ങൾ നിസ്തുലമായ പങ്കു വഹിച്ചെന്നു ഞാൻ തിരിച്ചറിയുന്നു.

പ്രിയ വായനക്കാരെ ഞാനൊരു ചിന്ത പങ്കുവയ്ക്കട്ടെ? നാം നമ്മുടെ ജീവിതത്തിലെ ഏറ്റവും നിസ്സാരവും സാധാരണവുമായി കാണുന്ന നിമിഷങ്ങളെ താലോലിക്കണം. ഇന്ന് മുഷിപ്പായി തോന്നുന്ന പതിവ് ദിനചര്യകൾ, നിസ്സാരമായി കരുതുന്ന സ്ഥലങ്ങൾ, വിരസമായി കരുതുന്ന ദിനങ്ങൾ ഒക്കെയും, ഒരുദിനം നിങ്ങളുടെ ഓർമ്മകളിലെ അമൂല്യ നിധി ശേഖരമായി മാറുമെന്നുറപ്പാണ്. അവയിലൂടെ നടക്കുമ്പോൾ നിസ്സാരമെന്ന് ചിന്തിക്കിലും, സംവത്സരങ്ങൾക്കപ്പുറം അവ ജീവിത ധന്യതയുടെ ഉറച്ച പടവുകൾ ആണെന്ന് തിരിച്ചറിയും.

ഭൂതകാലം കഴിഞ്ഞു പോയിരിക്കാം; പുനർജീവനം സാധ്യമല്ലാതിരിക്കാം! എങ്കിലും നമ്മുടെ ഓർമ്മകളെ പ്രകാശപൂരിതമാക്കിക്കൊണ്ട് അവ നമ്മോടൊപ്പം വസിക്കും; ഹൈവേക്കപ്പുറമുള്ള നീല പ്രഭാപൂരിതമായ യമഹ ഷോറൂം പോലെ: കാലക്രമേണ തെളിയുന്ന നിശ്ശബ്ദതയോടെ, സ്ഥിരതയോടെ, സൗന്ദര്യത്തോടെ.