← ലേഖനങ്ങളിലേക്ക് മടങ്ങുക
ലേഖനം · വാക്കുകൾക്കിടയിൽ

ഓർമ്മകളുടെ നറുമണം

രണ്ട് ദശാബ്ദക്കാലത്തിലേറെ നീണ്ട നിദ്രയിൽനിന്നുണർന്ന് കാർഷികവൃത്തിയിൽ ശ്രദ്ധേയമായ മടങ്ങിവരവ് നടത്തിക്കൊണ്ടിരിക്കുന്ന പിരപ്പമൺ പാടത്തേക്ക് ഞാൻ ഇന്നൊരു സന്ദർശനം നടത്തി. ഞാൻ അവിടെ കുറച്ചുസമയം ചിലവഴിക്കാൻ തീരുമാനിച്ചിരുന്നു. ആ പ്രകൃതി ദൃശ്യം ആരാധനയോടെ വീക്ഷിക്കുക എന്നതിനപ്പുറം, എനിക്ക് നിത്യവും യാത്രമംഗളങ്ങൾ നേരുന്നതിനുള്ള നന്ദിപ്രകാശിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു.

എന്റെ നടത്തം ഞങ്ങളുടെ പ്രദേശത്തെ പഴക്കം ചെന്ന അമ്പലങ്ങളിൽ ഒന്നായ ശ്രീ ഭൂതനാഥൻ ക്ഷേത്രത്തിന് മുന്നിലവസാനിച്ചു. പരിസര ക്ഷേത്രങ്ങളായ ഇലഞ്ഞിമൂട്, കുടവൂർ, ഇടയാവണം എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീ ഭൂതനാഥൻ പടിഞ്ഞാറ് ദർശനമായി നിലകൊള്ളുന്നു. ഈ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുടെ പൊതുവായ ഒരാകർഷണം അവയുടെ പശ്ചാത്തലമാണ്. അവയെല്ലാം അല്പം ഉയർന്ന ഭൂഭാഗത്ത് വയലുകൾക്കഭിമുഖമായി സ്ഥിതി ചെയ്യുന്നു. ഇവിടെ വയൽ പടിഞ്ഞാറു വശത്തായതിനാൽ ഭൂതനാഥൻ പടിഞ്ഞാറു ദർശിച്ച് നിൽക്കുന്നു. വയലുകളും ക്ഷേത്രങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് ഞാൻ പഠിച്ചിട്ടില്ല. പക്ഷെ, ഒരുകാര്യം തീർച്ചയാണ്. ഒരിക്കൽ വയലേലകൾ ഗ്രാമഹൃദയങ്ങളായിരുന്നു. വീടുകൾ വയലേലകളെ അഭിമുഖീകരിക്കുകയും, ഗ്രാമ ദേവൻ അല്ലെങ്കിൽ ദേവി അവർക്കനുഗ്രഹ വർഷം ചൊരിഞ്ഞു നിലകൊള്ളുകയും ചെയ്തിരുന്നു.

വർഷങ്ങളോളം പിരപ്പമൺകാട് ഉൾപ്പെടുന്ന ഈ പ്രദേശം വഴി സഞ്ചരിക്കുമ്പോഴൊക്കെ ഈ പ്രദേശത്തിനടുത്തായി എവിടെയെങ്കിലും താമസമാക്കാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ നിശബ്ദമായി ആഗ്രഹിച്ചിരുന്നു. ചില ആഗ്രഹങ്ങൾ നിശബ്ദമായിത്തന്നെ സഫലമാകും. എന്റെ കാര്യത്തിൽ അത് സംഭവിച്ചു.

രണ്ട് അരയാൽ മരങ്ങളും ഒരു പേരാലും ഉൾപ്പെടുന്ന ആൽ വൃക്ഷ സഞ്ചയം ഭൂതനാഥന് വിശറികളെന്നപോലെ ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നുണ്ട്. പേരാൽ വൃക്ഷ ചുവട്ടിൽ സജ്ജീകരിച്ചിട്ടുള്ള ലളിതമായ ഇരിപ്പിടങ്ങൾ സഞ്ചാരിയോട് അൽപനേരം ഇരുന്നിട്ട് പോകൂ എന്ന് പറയുംപോലെ. ഇരുന്നുകഴിഞ്ഞാൽ നാം അറിയാതെ അനന്തതയുടെ നിശ്ശബ്ദതയിലേക്ക് ആഴ്ന്നുപോകും.

അടുത്തൊരോണക്കാലത്തെ വരവേൽക്കാൻ കസവുടയാട നെയ്യാൻ തയ്യാറെടുക്കുന്ന പിരപ്പമൺ പാടശേഖരത്തെ വീക്ഷിച്ച് ഞാനവിടെയിരുന്നു. ഏതാനും ദിനങ്ങൾക്ക് മുമ്പുമാത്രം ഞാറ്റടികളിൽനിന്ന് മാറ്റിനടപ്പെട്ട നെൽച്ചെടികൾ പച്ചപ്പിന്റെ ഒരു പുതുഛായ വീശി നിൽക്കുന്നു. അവയ്ക്കുമേലെ ആകാശം, അസ്തമയ സൂര്യന്റെ കിരണങ്ങൾ മഴ മേഘ പാളികളിൽ വിന്യസിച്ച് എണ്ണമറ്റ ചിത്രങ്ങൾ വരയ്ക്കുകയും മായ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഈ നിശബ്ദ പ്രദർശനം വീക്ഷിച്ചിരിക്കെ, ശ്രീകോവിലിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ പുകയുന്നതിന്റെ മനംമയക്കുന്ന സുഗന്ധം ഒഴുകിയെത്തി. മനസ്സ് പുറം കാഴ്ചകളിൽ നിന്ന് അകക്കാഴ്ചകളിലേക്കു തിരിഞ്ഞു.

പെട്ടന്ന് വ്യത്യസ്തമായ മറ്റൊരു സുഗന്ധം ഞാൻ അനുഭവിക്കാൻ തുടങ്ങി. അത് ശ്രീകോവിലിനുള്ളിൽ നിന്നായിരുന്നില്ല. പകരം എന്റെ ഉള്ളിൽ നിന്നുതന്നെ ആയിരുന്നു.

ഞാൻ അങ്ങേയറ്റം താലോലിക്കുന്ന ഓർമ്മകളുടെ സുഗന്ധമായിരുന്നു.

ഏകദേശം നാലു പതിറ്റാണ്ടുകളപ്പുറമുള്ള എന്റെ കുട്ടിക്കാലത്തെ ക്ഷേത്രോത്സവങ്ങളിലേക്കും ഓണക്കാലത്തേക്കുമൊക്കെ ഓർമകളുടെ തേരിൽ ഞാൻ സഞ്ചരിച്ചെത്തി.

അവിടെ ആദ്യം മുന്നിലേക്കുവന്നത് ദൃശ്യമായിരുന്നില്ല, മറിച്ച് ശബ്ദം ആയിരുന്നു.

ക്ഷേത്ര മൈതാനങ്ങളിൽ നിന്ന് ഉച്ചഭാഷിണികളിലൂടെ അകലേക്ക് ഒഴുകി എത്തിയിരുന്ന മലയാള ചലച്ചിത്രങ്ങളിലെ മനോഹര ഗാനങ്ങളുടെ നാദധാരകളായിരുന്നു അത്. സ്വന്തമായി ഒരു റേഡിയോ പോലുമില്ലാതിരുന്ന ആ കാലങ്ങളിൽ അത്തരം പാട്ടുകൾ വിലപിടിച്ച സമ്മാനങ്ങൾ ആയിരുന്നു. 'പാലപ്പൂവേ നിൻ തിരുമംഗല്യ താലിതരൂ', 'ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകങ്ങൾ' അങ്ങനെ എത്രയോ എണ്ണമറ്റ ഗാനങ്ങൾ ആ ഉച്ചഭാഷിണികളിലൂടെ എന്റെ കുട്ടിക്കാലത്തേക്ക് കടന്നുവന്നു. അക്കാലത്തൊന്നും ഞാൻ ഭൂതനാഥൻ കാവ് സന്ദർശിച്ചിട്ടില്ല. എങ്കിലും ഉത്സവത്തിന്റെ ആദ്യദിനം വൈകുന്നേരങ്ങളിലെ ഇളം കാറ്റ് പാടങ്ങൾ താണ്ടി എത്തിച്ചിരുന്ന കഥകളിയുടെ കേളികൊട്ടിന്റെ ഇമ്പം ഇന്നും ഗൃഹാതുരതയോടെ എന്റെ ഓർമ്മകളിൽ മുഴങ്ങുന്നു.

ക്ഷേത്രോത്സവങ്ങൾ കരകളുടെ ഉത്സവമായിരുന്നു. ഇടയാവണത്ത് ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവങ്ങൾ എനിക്ക് കേവലം മതപരമായ സംഗമങ്ങൾ ആയിരുന്നില്ല. കഷ്ടപ്പാടുകൾക്കിടയിലും കുടുംബങ്ങൾ അത്യുത്സാഹത്തോടെ ആഘോഷിച്ചിരുന്ന അപൂർവ്വം വേളകളിലൊന്നായിരുന്നു. പുതുവസ്ത്രങ്ങളണിഞ്ഞു കുട്ടികൾ വിടർന്ന കണ്ണുകളോടെ ഉത്സവ കാഴ്ചകളിൽ പങ്കെടുത്തിരുന്നു.

അതിലും ലളിതമായ മറ്റൊന്ന് ഞാൻ ഓർക്കുന്നു: സദ്യ. വർഷത്തിൽ, മൃഷ്ടാന്ന ഭോജനം സാധ്യമായിരുന്ന അപൂർവ്വം വേളകളിലൊന്നായിരുന്നു ആ ഉത്സവം. മറ്റൊന്ന് ഞങ്ങളുടെ പുരയുടെ മേൽക്കൂര പുതിയ ഓല മേയുന്ന ദിവസമായിരുന്നു. ഈ ഉത്സവാരംഭത്തിനു മുൻപ് അത് കഴിയുമായിരുന്നു. ഇനി ഒരിക്കലും ആ സദ്യകളെ ആ തനിമയോടും രുചിയോടും പുനഃസൃഷ്ടിക്കാനാകില്ല. അവയുടെ സ്വാദ് കേവലം വിളമ്പിയിരുന്ന ഭക്ഷണത്തിൽ മാത്രമായിരുന്നില്ല. മറിച്ച് അതിനെ വലയം ചെയ്തിരുന്ന വൈകാരികതയിലായിരുന്നു. ദാരിദ്രം മുഖമുദ്രയായിരുന്നു ജീവിതത്തിൽ ഒഴുകിയെത്തിയിരുന്ന സമൃദ്ധിയുടെ അപൂർവ്വ അവസരങ്ങളായിരുന്നു അവ.

ഇന്ന് ഓലമേഞ്ഞ മേൽക്കൂരകൾ പാടെ അപ്രത്യക്ഷമായിരിക്കുന്നു. ഒരു പക്ഷെ അക്കാലത്തേക്കാളും മുന്തിയ രീതിയിൽ ക്ഷേത്രോത്സവങ്ങൾ ഇന്നും തുടരുന്നു. പക്ഷെ അവ പേറിയിരുന്ന ആ വൈകാരിക ഭാരം എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു. അഗോചരമായ എന്തോ ഒന്ന് അതിൽനിന്നും കൊഴിഞ്ഞുപോയിരിക്കുന്നു.

എന്റെ ചിന്തകൾ പിന്നെയും നീണ്ടുചെന്നത് കേരളത്തിന്റെ സ്വന്തം ഇടവപ്പാതിയിലേക്ക് (തെക്ക്-പടിഞ്ഞാറൻ മൺസൂൺ) ആയിരുന്നു.

എന്റെ കുട്ടിക്കാലത്തു ഇടവപ്പാതി അന്തമില്ലാതെ പെയ്തിരുന്നു. ഇടവപ്പാതി ഇടമുറിയാതെ എന്നായിരുന്നു. ആ മഴകൾ ദിനരാത്രം പെയ്തിരുന്നു. എല്ലായ്പ്പോഴും ശക്തമായിരുന്നില്ലെങ്കിലും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാൻ പോന്ന തരത്തിൽ സ്ഥിരതയുള്ളതായിരുന്നു. ആ മഴ നല്ലൊരു വിളവ് വാഗ്ദാനം ചെയ്തിരുന്നു. നല്ല വിളവ് ഒരു നല്ലോണവും. കൊയ്തെടുത്ത നെല്ല് ദിവസങ്ങൾക്കുമുമ്പ് മാത്രം പുഴുങ്ങി കുത്തി ഓണസദ്യയിലിടം കണ്ടെത്തിയിരുന്നു.

ഞങ്ങൾ കുട്ടികൾ ആ ഓണക്കാലങ്ങളിൽ തോട്ടിൻകരകളിലും, വയൽക്കരകളിലുമൊക്കെ അത്തപ്പൂക്കളത്തിന് പൂവുതേടി അലഞ്ഞിട്ടുണ്ട്. ആർക്കും മുൻപേ ഓണത്തുമ്പികൾ ഓണത്തിന്റെ വരവറിയിച്ചിരുന്ന കാലം. വെണ്ണിലാവിൽ കുളിച്ച സായാഹ്ന സൗന്ദര്യം ഇപ്പോഴും വാക്കുകൾ കൊണ്ട് വരയ്ക്കാൻ കഴിയുന്നതിനപ്പുറമാണ്.

ഇതെഴുതുമ്പോൾ നിലാവ് പോലെ തെളിഞ്ഞൊരോർമ്മ എന്നിലേക്ക് കടന്നുവരുന്നു. അന്നൊരോണക്കാലത്ത് വൈക്കോലുണങ്ങാനിട്ട ഗ്രാമീണ മൺപാതയിൽ നിലാവൊഴുകുന്ന ആ രാത്രി ഏറെ വൈകുവോളം ഞങ്ങൾ കുട്ടികൾ പലവിധ കളിയുമായി തിമിർത്തു. ആ ഒരവസരം പിന്നെ ലഭിച്ചില്ല എന്നത് സങ്കടകരമാണ്. ആ റോഡ് ഇന്നും അവിടെയുണ്ട്. പക്ഷെ അത് പേറിയ ബാല്യങ്ങളില്ല. കുട്ടികൾ ഓടിക്കളിച്ചിരുന്ന വെളിമ്പ്രദേശത്തൊക്കെ നിരനിരയായി വീടുകളുയർന്നിരിക്കുന്നു.

മഴക്കാലം പോലും മാറ്റത്തിനു വിധേയമായിരിക്കുന്നു. മഴയുടെ നൈരന്തര്യം നഷ്ടപ്പെട്ടു. ഇടമുറിഞ്ഞ മഴകളും അപ്രതീക്ഷിതമായി ചുട്ടുപൊള്ളിക്കുന്ന സൂര്യനും ജൂൺ മാസങ്ങളെ അവയല്ലാതാക്കിയിരിക്കുന്നു. ഒരിക്കൽ ഗ്രാമീണ ജീവിതങ്ങളെ നയിച്ചിരുന്ന താളക്രമം ഇന്ന് പ്രവചനാതീതമായിരിക്കുന്നു.

ഓണവും മാറിയിരിക്കുന്നു. കേവലമായ ഒരാഘോഷം എന്നതിനപ്പുറം ഓണത്തോടുള്ള കാഴ്ചപ്പാട് മാറിയിരിക്കുന്നു. ഋതുക്കളിലൂടെയുള്ള കാത്തിരിപ്പിനും അധ്വാനത്തിനുമൊടുവിൽ വീണുകിട്ടിയിരുന്ന സദ്യയുടെ രുചികളിന്നില്ല. അക്കാലത്തെ പോലെ കൃഷി ഇന്ന് നമ്മുടെ ജീവിതങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നില്ല. ഇന്ന് ബഹുഭൂരിപക്ഷം കുടുംബങ്ങളിലും ദാരിദ്രം കരിനിഴൽ വീഴ്ത്തുന്നില്ല. ഇവയൊക്കെ പുരോഗതികളാണ്. അവയ്ക്കിടയിൽ ഒരിക്കലും തിരികെ എത്താത്ത തരത്തിൽ ചിലതൊക്കെ നഷ്ടപ്പെടും.

ക്ഷേത്രത്തിലെ ദീപാരാധന അറിയിച്ചുകൊണ്ടുള്ള മണിയൊച്ച എന്റെ കാലാതീത സഞ്ചാരമവസാനിപ്പിച്ചു. സുഖശീതളമായൊരു തെന്നൽ എന്റെ മുഖം തഴുകി കടന്നുപോയി. സാമ്പ്രാണി തിരികളുടെ ധൂപ സുഗന്ധം സായാഹ്നത്തോടൊപ്പം അലിഞ്ഞില്ലാതാകും. പക്ഷെ അതെന്നിലുണർത്തിയ ഓർമ്മകളുടെ സുഗന്ധം അവശേഷിക്കും. ജീവിതമൊരു പൂർണ്ണ വൃത്തം തികക്കുമ്പോൾ നമ്മെ അനുഗമിക്കുക, ആ യാത്രയിലുടനീളം നാം സഞ്ചയിച്ച ഈ ഓർമ്മകളുടെ സുഗന്ധം മാത്രമാകും.