← ലേഖനങ്ങളിലേക്ക് മടങ്ങുക
ലേഖനം · വാക്കുകൾക്കിടയിൽ

എഴുത്തുകാരനൊപ്പം ഒരു സായാഹ്നം

ഈ കഴിഞ്ഞ ഞായറാഴ്ച അതായത് 28.06.2026-ന് എ.ടി. കോവൂർ ലൈബ്രറി ചെമ്പകമംഗലവും പരിസര പ്രദേശങ്ങളിലെ തന്നെ മറ്റ് രണ്ടു ലൈബ്രറികളും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ നോവൽ ചർച്ചയിൽ ഞാൻ പങ്കെടുത്തു. എഴുത്തുകാരൻ സന്നിഹിതനായിരുന്നു എന്നത് ആ കൂടിച്ചേരലിന്റെ ഒരു ആകർഷണമായിരുന്നു. അത്തരമൊരു സാഹിത്യ സംഗമത്തിൽ ഞാൻ പങ്കെടുത്തിട്ട് കുറച്ചധികം നാളുകളായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോ ഫെയ്‌സ്ബുക്കിൽ ആദ്യം കണ്ടപ്പോൾ ഒന്ന് മടിച്ചിരുന്നു. ഞാൻ ആ നോവൽ വായിച്ചിരുന്നില്ല, എന്നുമാത്രമല്ല എഴുത്തുകാരനും പരിചിതനായിരുന്നില്ല. വായന വിരളമായതിന്റെ അനന്തര ഫലം.

പക്ഷെ ആ പ്രൊമോഷൻ വീഡിയോയിൽ എന്തോ ഒന്ന് എന്നെ ആ മീറ്റിങ്ങിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. നോവൽ ചർച്ചക്കായി തിരഞ്ഞെടുത്തിരുന്ന ഗ്രന്ഥം ശ്രീ. മുഹമ്മദ് അബ്ബാസ് രചിച്ച കാൽമോറ മഹൽ എന്ന നോവൽ ആയിരുന്നു. വീഡിയോയിൽ ഗ്രന്ഥകാരന്റെ തന്നെ ആത്മകഥയായ വെറും മനുഷ്യരിലെ പട്ടിണിയെ അവതരിപ്പിക്കുന്ന ഒരുഭാഗം ഗ്രന്ഥം പരിചയപ്പെടുത്തുന്ന മുഹമ്മദ് സർ വായിക്കുന്നുണ്ടായിരുന്നു. ആ ഒരു ഖണ്ഡിക അസാധാരണമായ ഒരു തീക്ഷ്ണത വഹിച്ചിരുന്നു. വായന തീർന്ന ശേഷവും ഏറെ നേരം അത് മനസ്സിൽ തങ്ങി നിന്നു. ഒടുവിൽ ധൈര്യം സംഭരിച്ച് ഞാൻ ചർച്ചക്ക് പോകാൻ തീരുമാനിച്ചു.

ഞാൻ എത്തിയപ്പോൾ മീറ്റിംഗ് തുടങ്ങിയിരുന്നു. മുഹമ്മദ് സർ പുസ്തകം പരിചയപ്പെടുത്തൽ ആരംഭിച്ചു. പത്തുമിനിറ്റ് എന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച അവതരണം 40 മിനിറ്റോളം നീണ്ടു. ഇടക്ക് ഇതുമായി ബന്ധപ്പെടുത്തി എൻ.മോഹനന്റെ കഥകളിലെ ഒരുഭാഗം അദ്ദേഹം ഓർമ്മയിൽ നിന്ന് ഉദ്ധരിക്കുകകൂടി ചെയ്തു.

മാനസിക വെല്ലുവിളി നേരിട്ട സെറീന എന്ന സ്ത്രീ ചികിത്സ തേടുന്നതും രോഗമോചനത്തിന്റെ ഭാഗമായി തന്റെ ചിന്തകളും അനുഭവങ്ങളും ദിനക്കുറിപ്പുകളായി തയ്യാറാക്കുകയും രോഗമോചനത്തിന് ശേഷം, അവരത് ഒരു നോവൽ ആയി പ്രസിദ്ധീകരിക്കുന്നതുമാണ്, ഈ നോവലിന്റെ ഇതിവൃത്തം. ഗ്രന്ഥകാരൻ തന്നെ ചെറുപ്പത്തിൽ മാനസിക വെല്ലുവിളിക്ക് ചികിത്സയിലായിരിക്കുകയും, ഈ നോവലിൽ ആ അനുഭവങ്ങൾ ഉപജീവിക്കുന്നതായും മനസ്സിലാക്കാം. എന്നാൽ നോവലുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കവേ നോവലിനേക്കാൾ എന്നിൽ താല്പര്യം ജനിപ്പിച്ച മറ്റൊന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.

എന്നെ ആകർഷിച്ചത് നോവലിന് പിന്നിലെ എഴുത്തുകാരൻ തന്നെ ആയിരുന്നു.

ബുക്ക് വായിച്ചിട്ടില്ലാത്തയാൾ എന്ന നിലക്ക് മറ്റനുവാചകരുടെ നിരീക്ഷണങ്ങളിലൂടെ, പരോക്ഷമായി ഞാൻ ആ നോവലിനെ അനുഭവിച്ചു. ചർച്ചയിൽ പങ്കെടുത്ത ഒരാൾ സംസാരിച്ചത് ഗ്രന്ഥകാരന്റെ മുൻ നോവലുകളെ അപേക്ഷിച്ച്, രചനാ ശൈലിയിലെ പ്രകടമായ വ്യതിയാനത്തെക്കുറിച്ച് ആയിരുന്നു. അത് പ്രസാധനം ഉൾപ്പെടെയുള്ള ബാഹ്യ സമ്മർദ്ദങ്ങളുടെ ഫലമായിരുന്നോ എന്ന് സന്ദേഹിക്കുകയും ചെയ്തു. മറ്റൊരാൾ വാദിച്ചത് അനുവാചകർക്ക് ഒരു കൃതി സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുള്ളതുപോലെ, തന്റെ പ്രതിപാദ്യ വിഷയത്തിനിണങ്ങുന്ന രചനാ ശൈലി സ്വീകരിക്കാൻ എഴുത്തുകാരനും സ്വാതന്ത്ര്യമുണ്ടെന്നതാണ്.

ചർച്ച പതിയെ നോവലിനുപരി സഞ്ചരിച്ച്, എഴുത്ത് എന്ന പ്രക്രിയയെ കുറിച്ച് തന്നെ ആയി.

ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മറ്റൊരാൾ നടത്തിയ പരാമർശം എന്നിൽ തങ്ങി നിന്നു. ജീവിതാനുഭവങ്ങൾ ഉണ്ടായതുകൊണ്ടോ, പരന്ന വായന ഉണ്ടായതുകൊണ്ടോ മാത്രം ഒരാൾ എഴുത്തുകാരനാകുന്നില്ല. തീർച്ചയായും മറ്റെന്തോ ഉണ്ടാകണം. പിന്നീട് ലേഖകൻ തന്നെ അതിന് സ്ഥിരീകരണം തന്നു. ജീവിത പ്രാബ്ദങ്ങളും ചുമതലകളും സാദാ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും, അദ്ദേഹത്തിന് എഴുതാനുള്ള വ്യഗ്രതയെ പ്രതിരോധിച്ച് നിൽക്കാനായിട്ടില്ല. ഇത്തരം വേളകളിലൊക്കെ എഴുത്തിന് കൃത്യമായ സമയം കണ്ടെത്തി അദ്ദേഹം ലളിതമായത് പരിഹരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ആ പ്രസ്താവന ആ സായാഹ്നത്തിലുടനീളം എന്നോടൊപ്പം കൂടി.

നോവലിലെ നായികാ കഥാപാത്രത്തിന്റെ തീവ്രമായ വൈകാരിക ലോകത്തെ എങ്ങനെ ഇത്ര തന്മയത്വത്തോടെ വരച്ചിടാൻ അദ്ദേഹത്തിനായി എന്ന ചോദ്യവും ചർച്ചയിൽ പൊന്തി വന്നു. ഇതിന് പ്രതികരണമായി അദ്ദേഹം സ്വജീവിത യാത്രയുടെ ചില വശങ്ങൾ വെളിപ്പെടുത്തി. കോഴിക്കോട് ഹോസ്പിറ്റലിൽ അദ്ദേഹം മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ ആയിരുന്നപ്പോൾ ദിനക്കുറിപ്പുകൾ തയ്യാറാക്കാൻ ഡോക്ടർ തന്നെ നിർദ്ദേശിച്ചിരുന്നു. ഒരാൾക്ക് തന്റെ തന്നെ ചിന്തകളെ ആഴത്തിൽ മനസ്സിലാക്കാൻ ഒരു ഉത്തമ മാർഗ്ഗമായിരുന്നു അത്. സ്ത്രീ രോഗികളും ആ ഹോസ്പിറ്റലിൽ പരിചരിക്കപ്പെട്ടിരുന്നു. ഇതേ അവസ്ഥയിൽ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ആന്തരിക ജീവിതം എപ്രകാരമാകും എന്നറിയാനുള്ള ജിജ്ഞാസ അദ്ദേഹത്തിലുടലെടുത്തു. തികഞ്ഞ ക്ഷമയോടെ ചില രോഗികളായ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്ത അദ്ദേഹം അവരുടെ അനുഭവങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കി.

എന്നെ ആഴത്തിൽ പ്രഹരമേല്പിച്ച ഒരു കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നാം, പലപ്പോഴും പൊതുവിൽ ഭ്രാന്ത് എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥകൾ ഒരാൾക്ക് തന്റെ മാനസിക വ്യാപാരങ്ങളിലുള്ള നിയന്ത്രണം നഷ്ടമാകുന്ന വേദനാജനകമായ ഒരു രോഗാവസ്ഥയാണ്. ഇതിനുള്ള ചികിത്സ പലപ്പോഴും അനുകമ്പയോടും ക്ഷമാപൂർവ്വവുമുള്ള കേൾവി ആവശ്യപ്പെടുന്ന ഒന്നാണ്. ഈ ജീവിത നുറുങ്ങുകൾ തന്റെ തന്നെ അനുഭവങ്ങളുമായി സമന്വയിപ്പിച്ചപ്പോൾ കാൽമോറ മഹൽ എന്ന അദ്ദേഹത്തിന്റെ നോവൽ പിറന്നു.

അദ്ദേഹത്തിന്റെ വിശദീകരണം, ഞാൻ മുൻപെന്നോ ചിന്തിച്ചിരുന്ന ഒന്നിലേക്ക് ഒരു ക്ഷണ ദർശനം നൽകി. എഴുത്ത് എന്നത് കേവലം ഒരു ഭാവനാ വിലാസം എന്നതിനപ്പുറം ഒരാൾ നല്ലൊരു ശ്രോതാവ് ആയിരിക്കുന്നതിന്റെ കൂടി ഫലമാണ്. സ്വാനുഭവങ്ങൾ, മറ്റുള്ളവരുടെ അനുഭവങ്ങൾ, മുൻപെന്നോ കേട്ട് മറഞ്ഞ ശേഷവും ഉള്ളിൽ പ്രതിധ്വനിക്കുന്ന ശബ്ദങ്ങൾ എന്നിവയ്‌ക്കൊക്കെയും ഒരെഴുത്തുകാരൻ നല്ലൊരു ശ്രോതാവായിരിക്കും.

ഗ്രന്ഥകാരൻ തന്റെ ചെറുപ്പത്തിലേ ഒരു കഥയും പങ്കുവച്ചു. തന്റെ നോവലുകൾ പ്രസിദ്ധീകൃതമാകുന്നതിന് ഏറെ മുൻപ് തന്റെ പതിനെട്ടാം വയസ്സിൽ തന്നെ ഒരു നോവലിന്റെ കയ്യെഴുത്തു പ്രതി ഏകദേശം പൂർത്തിയാക്കിയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മാതാവ് അബദ്ധത്തിൽ അത് കത്തിച്ചു കളയുകയായിരുന്നു. അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്ന എനിക്കുമനസ്സിലായത്, പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നതുപോലെ അഞ്ച് വർഷങ്ങൾക്കുമുന്നെമാത്രം അപ്രതീക്ഷിതമായി ഉദയം ചെയ്ത ഒരു എഴുത്തുകാരനായിരുന്നില്ല. മറിച്ച് പതിറ്റാണ്ടുകൾക്ക് മുൻപാരംഭിച്ച ആ സപര്യ, അസുഖവും, ജീവിത പ്രാബ്ദങ്ങൾ തീർത്ത വെല്ലുവിളികളെയും അതിജീവിച്ച് അദ്ദേഹത്തിൽ വിളങ്ങി നിന്നു.

ആ ചർച്ച അന്ത്യത്തിലേക്കടുത്തപ്പോൾ ഞാൻ യഥാർത്ഥത്തിൽ നോവലിനെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ ചിന്തിച്ചുള്ളൂ. ഞാൻ ഏറെയും ചിന്തിച്ചത് എഴുത്തെന്ന പ്രവർത്തിയുടെ തന്നെ നിഗൂഢതകളെക്കുറിച്ചായിരുന്നു.

ഒരുവനെ എഴുത്തുകാരനാക്കുന്നതെന്താണ്? അത് അനുഭവമാണോ? തീർച്ചയായും എഴുത്തിനുവേണ്ടത് അത് നൽകും. അതല്ല വായനയാണോ? വായന നിശ്ചയമായും എഴുത്തുകാരന്റെ മനസ്സിനെ പാകപ്പെടുത്തും. പക്ഷെ ഇവ മാത്രം പര്യാപ്തമാണെന്ന് കരുതാൻ വയ്യ. പലയാളുകളും ജീവിതത്തെ ആഴത്തിലനുഭവിക്കുന്നുണ്ട്. ഒരുപാടുപേർ പരന്ന വായനക്കാരാണ്. പക്ഷെ ചുരുക്കം ചിലർ മാത്രമേ ആ അനുഭവങ്ങളെ വാക്കുകളായി പരിവർത്തനം ചെയ്യാൻ ആന്തരികമായി നിർബന്ധിതരാകുന്നുള്ളു.

ഒരുപക്ഷെ, താൻ കണ്ടതും അനുഭവിച്ചതും, മനസ്സിലാക്കിയതുമൊക്കെ ഉള്ളിൽ പേറി ശാന്തനായിരിക്കാൻ കഴിയാത്തവണ്ണം ഒരുവൻ അസ്വസ്ഥനാകുന്നിടത്താണ് എഴുത്തുകാരൻ പിറക്കുന്നത്. എഴുത്തെന്നത് ഒരു പേറ്റുനോവാണെന്നത്, ഈ നിമിഷത്തിൽ എനിക്കുൾക്കൊള്ളാനാകുന്നു.

ഒരു നോവലിനെക്കുറിച്ച് എന്തെങ്കിലും ഗ്രഹിക്കാമെന്ന ചിന്തയിലാണ് ഞാനാ ചർച്ചയിൽ പങ്കെടുക്കാൻ പോയത്. പക്ഷെ എഴുത്തുകാരോടുള്ള വലിയ മതിപ്പുമായി ഞാൻ മടങ്ങി. ആ സായാഹ്നത്തിൽ ചർച്ചചെയ്യപ്പെട്ട കഥയേക്കാളേറെ എന്നെ സ്പർശിച്ചത് ഗ്രന്ഥകാരന്റെ ലളിതമായ ആ ഏറ്റുപറച്ചിലായിരുന്നു; ജീവിതം എന്നോടാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുമ്പോഴും എഴുതുവാനുള്ള ത്വരയെ എനിക്ക് തടുക്കാനാവുന്നില്ല.

ഒരുപക്ഷെ, ആ ത്വരയിൽ നിന്നാണ് എല്ലാ സാഹിത്യ കൃതികളും ഉടലെടുക്കുന്നത്.