എന്റെയുള്ളിലെ നാട്ടുവഴികൾ
തികച്ചുമൊരു സാധാരണ രാത്രി, എന്നെ അലട്ടിക്കൊണ്ടിരുന്ന പേരറിയാത്ത ഒരു ആകുലതയിൽ നിന്ന് മോചനം പ്രതീക്ഷിച്ച് വീടിന്റെ ഒന്നാംനിലയിലെ ബാൽക്കണിയിൽ ഞാൻ നിന്നു. രാത്രിക്ക് പതിയെ ആഴമേറിക്കൊണ്ടിരുന്നു.
വീട്ടിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് ആ ബാൽക്കണി. അവിടെ നിന്നാൽ ഒരിക്കൽ ജീവൻ തുടിച്ചിരുന്ന നെൽപ്പാടത്തിന്റെയും ചക്രവാളം വരെ നീളുന്ന തിങ്ങിയ മരങ്ങളുടേയും തടസ്സമില്ലാത്ത ഒരു കാഴ്ച ലഭ്യമാണ്.
വീടിന്റെ നിർമ്മാണം നടക്കുമ്പോൾ എന്റെ അയൽക്കാരൻ ഒരിക്കൽ പറഞ്ഞു; ഈ വീടിന്റെ ഏറ്റവും മനോഹരമായ ഭാഗം ഈ ബാൽക്കണി ആയിരിക്കും. അവിടെ ഏതാനും ഇരിപ്പിടങ്ങൾ സൗകര്യപ്പെടുത്താനും ഉപദേശിച്ചു. അദ്ദേഹം പറഞ്ഞത് ശരിയാണ്. തെളിഞ്ഞ പകലുകളിലെ സൂര്യസ്തമയങ്ങൾ അവിടെ നിന്ന് ആസ്വദിക്കുക എന്നതുതന്നെ ഒരനുഭവമാണ്. ചുറ്റുപാടുകളെ അതിന്റെ തനതു പ്രകൃതിയിൽ നിലനിർത്തുന്ന അയൽക്കാരോടെനിക്കൊരു കടം വീട്ടാനുണ്ട്. എന്റെ വീടിന്റെ ഉയർന്ന സ്ഥാനവും ഒരു ഘടകമാണ്.
ഒരിളം കാറ്റെന്നെ തഴുകി. ഒപ്പം അനിർവചനീയമായ ഒരു സന്തോഷവും സമാധാനവും എന്നിലേക്ക് വരുന്നത് ഞാനറിഞ്ഞു. ആ ഇളം കാറ്റ് അനവരതം കലപില കൂട്ടിക്കൊണ്ടിരുന്നു. ചുരുക്കം ചില തെങ്ങുകളും അയണികളും ചുറ്റുമുള്ള വൃക്ഷജാലത്തിൽ തലയെടുപ്പോടെ സമീപത്തായി നിൽപ്പുണ്ട്. അവ കാറ്റിൽ തിരയിളകുംപോലെ ചാഞ്ചാടിയപ്പോൾ, എനിക്കഭിവാദ്യം നേരുന്നതുപോലെ തോന്നി. ഞങ്ങളൊരുമിച്ച് രാത്രിയിലെ ആ തണുത്ത കാറ്റ് ആസ്വദിച്ചു.
ദൂരത്തായി കണ്ടിരുന്ന ഏതാണ്ടെല്ലാ വെളിച്ചവും കെട്ടിരുന്നു. കൃത്രിമ വെളിച്ചത്തിന്റെ അധിനിവേശമില്ലാത്ത ഇരുൾ നിറഞ്ഞ രാത്രിക്ക് ഒരു സവിശേഷ സൗന്ദര്യമുണ്ട്. ദേശീയപാതക്ക് എതിർവശത്തായി കാണുന്ന ഹോണ്ട ഷോറൂമിന്റെ നീലവെളിച്ചം മാത്രമാണ് എടുത്തുപറയത്തക്കതായുള്ളത്. ആ ഇരുട്ടിൽ ചക്രവാളത്തിൽ സസ്യസഞ്ചയം മലനിരകളുടെ നിഴൽരൂപങ്ങൾ പോലെ തോന്നിച്ചു.
ആ പശ്ചാത്തല സൗന്ദര്യം കണ്ടുകൊണ്ട് ഞാൻ ടെറസ്സിലേക്ക് നടന്നു. അവിടെനിന്നപ്പോൾ മലനിരകൾക്ക് മദ്ധ്യേ നിർമ്മിച്ചിരിക്കുന്ന കമാനാകൃതിയിലുള്ള ഒരു സ്‌ഫടിക കൂടാരത്തിനുള്ളിൽ ആണെന്നെനിക്ക് തോന്നി. അങ്ങിങ്ങായി മങ്ങിയ പ്രകാശപ്പൊട്ടുകൾ തൊട്ട ഇരുണ്ട മരക്കൂട്ടങ്ങൾ വിദൂരത്തായി കാണുന്ന കൊടുമുടികളെപ്പോലെ തോന്നിച്ചു. പ്രകൃതിയുടെ ആ കലാചാതുരി ആരാധനയോടെ ഞാനാസ്വദിച്ചു നിന്നു. മനുഷ്യർ എല്ലായിപ്പോഴും അവരുടെ കലാസൃഷ്ടികളിൽ അഭിമാനം കൊള്ളുന്നവരാണ്. എന്നാൽ അവർ അതിനേക്കാൾ ഉന്നതനായ ഒരു കലാകാരന്റെ അദ്വിതീയ സൃഷ്ടികൾ പകർത്തുക മാത്രമാണെന്നെനിക്കു തോന്നി.
ഞാനാ ടെറസ്സിന്റെ തറയിൽ അൽപനേരം ആകാശത്തിന്റെ ആഴങ്ങളിലേക്ക് ഉറ്റുനോക്കി കിടന്നു. ക്രമേണ എന്റെ ചിന്തകളുടെ ആക്കം കുറഞ്ഞു. ഞാൻ അനന്തതയിലേക്ക് വഴുതി വീഴുംപോലൊരു അനുഭവമുണ്ടായി. നാസ പകർത്തിയ ആൻഡ്രോമീഡ ഗാലക്സിയുടെ ചിത്രത്തെക്കുറിച്ചുള്ള ഒരു ലേഖനം ഓർമ്മവന്നു. ഹബ്ബിൾ ടെലിസ്കോപ്പ് വർഷങ്ങളിലൂടെ പകർത്തിയ അനേകായിരം ചിത്രങ്ങൾ തുന്നിച്ചേർത്തായിരുന്നു ആ അത്യുജ്ജ്വലമായ ചിത്രം രൂപപ്പെടുത്തിയത്. ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളും എണ്ണമറ്റ നക്ഷത്രസഞ്ചയങ്ങളും ആ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. അതിലെ ഓരോ ചെറു പൊട്ടുകളും ഓരോ നക്ഷത്രങ്ങളാണ്. ആകാശത്തേക്ക് നോക്കിക്കിടക്കവേ എനിക്ക് തോന്നിയത് സങ്കൽപ്പാതീതമായ ആ വിശാലതയിലെ മറ്റൊരു ഗാലക്സിയിൽ എന്റെ മറ്റൊരു പതിപ്പ് ഉണ്ടായിരിക്കാമെന്നാണ്.
എപ്പോഴോ ഞാനൊരു ചെറു മയക്കത്തിലേക്ക് തെന്നി വീണു. മയക്കം വിട്ടുണർന്നപ്പോൾ ഞാൻ തിരികെ ബാൽക്കണിയിലേക്ക് വന്നു. The Expanse എന്ന വെബ് സീരീസിൽ സ്റ്റീവൻ സ്ട്രെയ്റ്റ് വേഷമിട്ട ജെയിംസ് ഹോൾഡനെ ഞാൻ ഓർമ്മിച്ചു. ശ്രദ്ധേയമായ യാഥാർഥ്യബോധത്തോടെ ഗോളാന്തര യാത്രകളെ ചിത്രീകരിച്ച ആ സീരീസ് എനിക്കേറെ ഇഷ്ടമാണ്. ജെയിംസ് ഹോൾഡന്റെ ആദർശ ശുദ്ധിയും, അതേസമയം അർഹിച്ച പരിഗണന നൽകപ്പെടാതെ പോയ സ്ട്രെയ്റ്റിന്റെ പ്രകടനവും ആ കഥക്കുവേണ്ട വൈകാരിക ആഴം സമ്മാനിച്ചിരുന്നു.
ഞാൻ ബാൽക്കണിയിലേക്കെത്തി. കമ്പ്യൂട്ടറിൽ പഴയഗാനങ്ങളുടെ ആ പ്ലേലിസ്റ്റ് കേട്ടുകൊണ്ടിരുന്നു. ഞാൻ മുറിയിലേക്ക് കയറിയപ്പോൾ ജോൺ ഡെൻവർ 1971-ൽ റെക്കോർഡ് ചെയ്ത കൺട്രി റോഡ്സിലെ ചിരപരിചിതമായ ആദ്യവരി കേട്ടു. Country roads takes me home (നാട്ടുവഴികളെ എന്നെ സ്വഗൃഹത്തിലേക്ക് നയിച്ചാലും).
എനിക്കെപ്പോഴും ഇഷ്ടപ്പെട്ടൊരു പാട്ടാണത്. എവിടെയെങ്കിലും സ്വന്തമായിരിക്കുന്നതിന്റെ ആഴത്തിലുള്ള ബോധം സൃഷ്ടിക്കുന്ന പാട്ടാണ്. ഞാനൊരിക്കലും വെസ്റ്റ് വിർജീനിയ സന്ദർശിച്ചിട്ടില്ല. ബ്ലൂ റിഡ്ജ് പർവ്വതനിരയോ ഷാനൻഡോ നദിയോ കണ്ടിട്ടില്ല. ആ ഭൂപ്രകൃതിയൊക്കെ മറ്റൊരു രാജ്യത്തിന് സ്വന്തം. പക്ഷെ പകരമെനിക്കിവിടെ പിരപ്പമൺകാടും, വാമനപുരം നദിയും പശ്ചിമഘട്ട മലനിരകളുമുണ്ട്. കവി സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുമ്പോൾ അത് സാർവലൗകികമാകുന്നു.
ഞാനെന്റെ പുതിയ വീട്ടിലേക്ക് താമസം മാറുന്ന സമയത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ പരാമർശം ഓർമവന്നു. പുതിയ വീട് കുടുംബ വീട്ടിൽ നിന്ന് കഷ്ടിച്ച് നാല് കിലോമീറ്റർ അകലെ മാത്രമാണ്. പക്ഷെ അത് അടുത്ത ഗ്രാമത്തിലാണ്. നിങ്ങൾ കുടുംബ വീട്ടിൽ നിന്ന് മാറുന്ന പക്ഷം നഗരത്തിൽ ഒരിടം കണ്ടെത്തേണ്ടതായിരുന്നു.
കൺട്രി റോഡ്സ് ആസ്വദിച്ചുകൊണ്ട് ഞാൻ എന്നോടുതന്നെ ചോദിച്ചു; ഞാനത് ചെയ്യുമായിരുന്നോ?
എന്നെ സംബന്ധിച്ച് അതിനുള്ള ഉത്തരം ഇല്ല എന്ന് തന്നെ ആയിരുന്നു.
സ്വന്തം ഭവനത്തിലേക്കുള്ള വഴികളന്വേഷിക്കുന്ന എന്തോ ഒന്ന് എല്ലായിപ്പോഴും എന്റെയുള്ളിലുണ്ട്. എനിക്ക് നഗരങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഇഷ്ടമാണ്. പക്ഷെ ഞാൻ മടങ്ങുമെന്ന ഉറപ്പുള്ളതുകൊണ്ടുമാത്രം. ഇതെന്റെ സ്വന്തം ഇടമാണ്. ഇവിടെ പ്രകൃതി അനുഗ്രഹിച്ച ഈ ഗ്രാമത്തിൽ കാറ്റിനെ ശ്രവിച്ചും, രാത്രിയുടെ ഏകാന്ത നിശബ്ദതയിൽ തലയുയർത്തിനിൽക്കുന്ന വൃക്ഷങ്ങളെ കണ്ടും ഒടുവിൽ എന്നിലും വലുതായ ഈ പ്രകൃതിയുടെ ഭാഗമാകുന്നതനുഭവിക്കാം. ഗ്രാമമെന്നത് ഭൂമിശാസ്ത്രപരമായ ഒരിടം എന്നതിനപ്പുറം അതെന്റെ ആന്തരിക പ്രകൃതിയായി മാറുന്നു.
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാമനുഷ്യരും സ്വന്തം ഭവനമന്വേഷിക്കുന്നു എന്നെനിക്കു തോന്നാറുണ്ട്. നമ്മൾ കരുതുന്നത് നമ്മുടെ സങ്കല്പത്തിലെ ആ ഭവനം അല്പം മുന്നിലായുണ്ടെന്നാണ്. ഒരു നല്ല ജോലിയിൽ, ഒരു മണിമാളികയിൽ, വ്യത്യസ്തമായ ഒരു നഗരത്തിൽ അതുമല്ലങ്കിൽ നമ്മുടെ തന്നെ വിജയകരമായ മറ്റൊരു പതിപ്പിൽ. പക്ഷെ നമ്മൾ തിരയുന്ന ആ ഇടം മറ്റൊന്നല്ല മറിച്ച് നമ്മുടെ ഉൾപ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധമാണ്.
ഒരു പക്ഷെ അതുകൊണ്ടാകാം ചില പാട്ടുകളും പുസ്തകങ്ങളുമൊക്കെ കാലദേശ അതിർത്തികൾക്കപ്പുറം നമ്മെ സ്വാധീനിക്കുന്നത്. സിദ്ധാർത്ഥൻ ജ്ഞാനം അന്വഷിക്കുമ്പോഴും, സാന്തിയാഗോ നിധി അന്വഷിക്കുമ്പോഴും, കവി സ്വന്തം ദേശത്തേക്കുള്ള നാട്ടുവഴി അന്വഷിക്കുമ്പോഴുമൊക്കെ, അവനവനിലേക്ക് തന്നെ മടങ്ങാനുള്ള വഴി അന്വേഷണമായി അതുമാറുന്നു.
ഗ്രാമം എന്റെ ആ യാത്ര ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഞാൻ സ്വന്തമായിരിക്കുന്നതിവിടെയാണ്.